ന്യൂഡൽഹി : രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ കോൺഗ്രസ് ആരംഭിച്ച ‘ഛാത്രോം കി ഗൂഞ്ച്’ (വിദ്യാർത്ഥികളുടെ മുഴക്കം) കാമ്പയിൻ ശക്തമാക്കാൻ ആഹ്വാനം ചെയ്ത് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീറ്റ് പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപ്പേപ്പർ ചോർച്ച, പരീക്ഷകൾ റദ്ദാക്കൽ, നിയമനങ്ങളിലെ കാലതാമസം എന്നിവയ്‌ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന ഈ പ്രക്ഷോഭത്തിന് എല്ലാ തലങ്ങളിലുമുള്ള പാർട്ടി നേതാക്കളുടെയും പൂർണ്ണ പിന്തുണ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ശനിയാഴ്ച കത്തയച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർ, പി.സി.സി അധ്യക്ഷന്മാർ, ജില്ലാ-സിറ്റി കമ്മിറ്റി തലവന്മാർ എന്നിവർക്കാണ് രാഹുൽ കത്തയച്ചത്.
കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐ , യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പോരാട്ടത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാനാണ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. രാജസ്ഥാനിലെ കോട്ടയിൽ നിന്ന് ജൂൺ 17-ന് ആണ് കോൺഗ്രസ് ഈ പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നത്. എന്നാൽ 10 ദിവസങ്ങൾ പിന്നിട്ടിട്ടും കാര്യമായ ജനശ്രദ്ധയോ മാധ്യമശ്രദ്ധയോ ഈ പ്രചാരണത്തിന് കിട്ടാത്തതിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ നിരാശയിലാണ്.
കോട്ടയിലെ റാലിയിൽ വിദ്യാർത്ഥികളുമായി സംവദിക്കവേ, അഞ്ച് പ്രവേശന പരീക്ഷകൾക്കായി മാത്രം രാജ്യത്തെ രക്ഷിതാക്കൾ ചെലവഴിക്കുന്ന തുക ഇന്ത്യയുടെ ആകെ വിദ്യാഭ്യാസ ബജറ്റിന് തുല്യമാണെന്നും ഇത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. എഞ്ചിനീയറിംഗ്, മെഡിക്കൽ, സിവിൽ സർവീസ് തുടങ്ങിയ ചുരുക്കം ചില മേഖലകളിലേക്ക് മാത്രം കുട്ടികളെ തള്ളിവിടുന്നത് ഇതിന് പിന്നിലെ വൻ സാമ്പത്തിക താൽപ്പര്യങ്ങൾ കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.








