നയപരമായ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുൻപ് സർക്കാരിന്റെ ധനബിൽ അവതരിപ്പിക്കാൻ അനുവദിക്കരുതെന്നും സ്പീക്കർ അടിയന്തരമായി ഇടപെട്ട് ഇത് തടയണമെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ. ബാലൻ. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ വിവാദ തീരുമാനം പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് മാത്രമേ ധനബിൽ സഭയിൽ അവതരിപ്പിക്കാവൂ. ഒരു തവണ ധനബിൽ പാസാക്കിക്കഴിഞ്ഞാൽ അത് സംസ്ഥാനത്തെ നിയമമായി മാറുമെന്നും, അതിനുശേഷം എക്സൈസ് വകുപ്പിന് മുന്നിൽ മദ്യക്കമ്പനികൾ നൽകുന്ന അപേക്ഷകൾ തള്ളിക്കളയാൻ സർക്കാരിന് നിയമപരമായി കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വിഷയത്തിൽ എക്സൈസ് മന്ത്രി കെ. മുരളീധരൻ പറഞ്ഞ കാര്യങ്ങൾ നിയമപരമായി ഒട്ടും ശരിയല്ലെന്നും എ.കെ. ബാലൻ പറഞ്ഞു.
ഭരണപക്ഷത്തെ പ്രമുഖ നേതാവായ കെ.എം. ഷാജിക്കെതിരെ അതിരൂക്ഷമായ പരിഹാസ ശരങ്ങളാണ് എ.കെ. ബാലൻ തൊടുത്തുവിട്ടത്. ഈയിടെയായി ഷാജിക്ക് നല്ല മാറ്റങ്ങളുണ്ടെന്ന് പരിഹസിച്ച അദ്ദേഹം, ഷാജിയുടെ നിലപാടുകൾ ഇപ്പോൾ സ്വന്തം മുന്നണിയായ യു.ഡി.എഫിന് അനുകൂലമല്ലെന്നും മറിച്ച് ബി.ജെ.പിക്കും ആർ.എസ്.എസിനും വേണ്ടിയുള്ളതാണെന്നും കുറ്റപ്പെടുത്തി. കെ.എം. ഷാജി പൂർണ്ണമായും ബി.ജെ.പിക്കും ആർ.എസ്.എസിനും അടിമപ്പെടുകയാണെന്നും കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനകൾക്കെതിരെ ഷാജിയോ യു.ഡി.എഫോ ഇപ്പോൾ ഒരക്ഷരം പോലും മിണ്ടാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
“മതമാണ്, മതമാണ്, മതമാണ് പ്രശ്നം എന്നത് മാത്രമായി ഇനി അവർ തങ്ങളുടെ നയം ഭേദഗതി ചെയ്താൽ മതി” എന്നും എ.കെ. ബാലൻ പരിഹസിച്ചു. മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ സംഘികളുടെ ആളാണെന്ന് കെട്ടിച്ചമച്ച് കള്ളപ്രചാരണം നടത്തിയവർക്കുള്ള കനത്ത തിരിച്ചടിയാണ് ഇപ്പോൾ യു.ഡി.എഫിന് ജനങ്ങളിൽ നിന്നും സ്വന്തം അണികളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു. മദ്യ നികുതി വിവാദത്തിൽ ഭരണപക്ഷത്ത് തർക്കങ്ങൾ മുറുകുന്നതിനിടെ മുതിർന്ന ഇടത് നേതാവ് തന്നെ നിയമവശങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.











