മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അതീവ ഗുരുതരമായ അധിക്ഷേപ പരാമർശങ്ങളുമായി മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. മൂന്നാറിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയെ ‘ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ചെകുത്താൻ’ എന്ന് വിശേഷിപ്പിച്ച് എം.എം. മണി കടുത്ത ഭാഷയിൽ ആഞ്ഞടിച്ചത്.
സംസ്ഥാനത്തെ ജനങ്ങൾക്ക് എല്ലാവർക്കും സൗജന്യങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ച് വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് വി.ഡി. സതീശൻ അധികാരത്തിൽ എത്തിയതെന്ന് എം.എം. മണി ആരോപിച്ചു. എന്നാൽ അധികാരത്തിലെത്തിയതോടെ ജനങ്ങളെ മുഴുവൻ അദ്ദേഹം പച്ചയ്ക്ക് പറ്റിക്കുകയാണുണ്ടായത്. മുൻപ് വി.എസ്. അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഗവൺമെന്റുകൾ സംസ്ഥാനത്ത് വളരെ വിജയകരമായി നടപ്പിലാക്കിയ ജനക്ഷേമപ്രവർത്തനങ്ങൾ, പാവപ്പെട്ടവർക്കായുള്ള പാർപ്പിട പദ്ധതികൾ, പെൻഷനുകൾ എന്നിവയെല്ലാം പൂർണ്ണമായി തകർക്കാനാണ് നിലവിലെ വി.ഡി. സതീശന്റെ ഗവൺമെന്റ് ശ്രമിക്കുന്നത്. ഈ ജനവിരുദ്ധ നയങ്ങളെ പരാജയപ്പെടുത്താൻ ജനങ്ങൾ വിട്ടുവീഴ്ചയില്ലാതെ പോരാടേണ്ട കാലഘട്ടമാണിതെന്ന് മണി ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ശരീരഭാഷയെയും പെരുമാറ്റത്തെയും വ്യക്തിപരമായി കടന്നാക്രമിച്ചായിരുന്നു മണിയുടെ പ്രസംഗം. “ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളാണ് വി.ഡി. സതീശൻ. കണ്ടാക്കാൻ നല്ല സുന്ദരനാണെന്ന് തോന്നും. എന്നാൽ ഉള്ളിൽ മുഴുവൻ ചെകുത്താന്റെ സ്വഭാവമാണ് അദ്ദേഹത്തിനുള്ളത്. പൊതുവേദികളിൽ നന്നായി ചിരിക്കും, ആ ചിരി കണ്ടാൽ ആരും വീണുപോകും. പക്ഷേ അയാൾ ഒന്നാന്തരം തട്ടിപ്പുകാരനാണ്,” എന്ന് എം.എം. മണി തുറന്നടിച്ചു. സംസ്ഥാന സർക്കാർ നടത്തുന്ന ഇത്തരം ജനദ്രോഹ നടപടികൾക്കെതിരെ ഇടതുപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.












