തിരുവനന്തപുരം നഗരസഭയിൽ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫും എൽഡിഎഫും അവിശ്വാസ പ്രമേയ നീക്കങ്ങളുമായി രംഗത്തിറങ്ങിയതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ രാഷ്ട്രീയ നാടകം മുറുകുന്നു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഒരിക്കലും പാസാകാൻ പോകുന്നില്ലെന്നും കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താലും അവരുടെ അവസ്ഥ ‘വളഞ്ഞ പടവലങ്ങ’ പോലെയാകുമെന്നും തിരുവനന്തപുരം മേയറും ബിജെപി നേതാവുമായ വി.വി. രാജേഷ് പരിഹസിച്ചു. കോർപ്പറേഷനിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിനെ സഹായിക്കാൻ കോൺഗ്രസ് ശ്രമിച്ചാൽ വരുംദിവസങ്ങളിൽ ജനങ്ങളോട് അവർ മറുപടി പറയേണ്ടി വരുമെന്ന് മേയർ മുന്നറിയിപ്പ് നൽകി. കേരളത്തിന് പുറത്തുള്ള ‘ഇൻഡി’ മുന്നണി മാതൃകയാണ് ഇരുവരും ഇവിടെയും പയറ്റുന്നത്. അഞ്ച് വർഷത്തെ ഭരണകാലയളവിനിടയിൽ പത്തോളം അവിശ്വാസ പ്രമേയങ്ങളെ നേരിടേണ്ടി വരുമെന്ന പൂർണ്ണ പ്രതീക്ഷയിലാണ് തങ്ങൾ ഈ കസേരയിൽ ഇരുന്നതെന്നും ഇത്തരം ഭീഷണികൾ കണ്ട് ഭയപ്പെടില്ലെന്നും വി.വി. രാജേഷ് വ്യക്തമാക്കി. നഗരസഭയിലെ ഭരണം നഷ്ടപ്പെട്ട എൽഡിഎഫിന്റെ വിഷമം മനസ്സിലാക്കാം, എന്നാൽ ഇതിനിടയിൽ യുഡിഎഫ് എന്തിനാണ് ഇത്രയേറെ സങ്കടപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഭരണസമിതിയുടെ ഭാഗത്ത് നിന്ന് എന്ത് വീഴ്ചകൾ ഉണ്ടായാലും അത് തിരുത്താൻ പൂർണ്ണ തയ്യാറാണ്. എല്ലാ കൗൺസിലർമാരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ബിജെപി ശ്രമിച്ചിട്ടുള്ളത്. കേരള നിയമസഭയിൽ ബിജെപിക്ക് മൂന്ന് സീറ്റുകൾ ഇത്ര വേഗത്തിൽ യാഥാർത്ഥ്യമാകുമെന്ന് കരുതിയിരുന്നില്ലെന്നും, തിരുവനന്തപുരത്തെ വികസന മുരടിപ്പ് ആരോപിക്കുന്ന പ്രതിപക്ഷത്തിന് ജനങ്ങൾ തന്നെ വോട്ട് ചോർച്ചയിലൂടെ മറുപടി നൽകുമെന്നും മേയർ കൂട്ടിച്ചേർത്തു.











