ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ സിന്ധു നദി ജലകരാറിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം കടുത്ത യുദ്ധപ്രഖ്യാപനത്തിലേക്ക് നീങ്ങുന്നു. പാകിസ്ഥാന്റെ ജലാവകാശത്തിന്മേൽ കൈവെക്കാൻ ശ്രമിക്കുന്നവരുടെ “കൈകൾ വെട്ടിമാറ്റുമെന്ന” പരസ്യമായ ഭീഷണിയുമായി പാക് കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക് രംഗത്തെത്തി.
2025-ൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് സിന്ധു നദി ജലകരാർ താല്ക്കാലികമായി നിർത്തിവെക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഇതിനെതിരെയാണ് ഇപ്പോൾ പാക് ഭരണകൂടം പ്രതികരിച്ചിരിക്കുന്നത്. നരേന്ദ്ര മോദിയുടെ നിയന്ത്രണത്തിലാണ് പാകിസ്ഥാനിലേക്കുള്ള ജലത്തിന്റെ ടാപ്പ് ഇരിക്കുന്നതെന്നും പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളം പോലും ഒഴുക്കില്ലെന്നാണ് അദ്ദേഹം പറയുന്നതെന്നും മുസാദിക് മാലിക് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പാകിസ്ഥാനിലെ 40 മുതൽ 50 ശതമാനം വരെ ജനങ്ങൾ ഉപജീവനത്തിനായി കൃഷിയെയാണ് ആശ്രയിക്കുന്നത്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും 25 ശതമാനത്തോളം വരുന്ന സമ്പദ്‌വ്യവസ്ഥയെയും തകർക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും മാലിക് കുറ്റപ്പെടുത്തി.
തങ്ങളുടെ വെള്ളം തട്ടിയെടുക്കാൻ ശ്രമിക്കുന്നവർ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാൻ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് മാലിക് ഓർമ്മിപ്പിച്ചു. “ഇത് വെറുമൊരു പ്രഖ്യാപനമല്ല, ഞങ്ങളുടെ ജലാവകാശത്തിന്മേൽ ആരെങ്കിലും കൈവെച്ചാൽ ആ കൈകൾ ഞങ്ങൾ വെട്ടിമാറ്റുമെന്ന് മുൻപും തെളിയിച്ചിട്ടുള്ളതാണ്. അന്താരാഷ്ട്ര തലത്തിൽ നീതി എന്താണെന്ന് നാളത്തെ കോൺഫറൻസിൽ തീരുമാനിക്കപ്പെടും. താഴത്തെ തടങ്ങളിലുള്ള കുട്ടികൾക്ക് വെള്ളത്തിനുള്ള അവകാശമുണ്ടോ ഇല്ലയോ എന്ന് ലോകത്തിന് മുൻപിൽ ഞങ്ങൾ ചോദിക്കും.” – മുസാദിക് മാലിക് പറഞ്ഞു.









