തലസ്ഥാന നഗരിയിലെ കാർ ഉടമകൾക്ക് കനത്ത മുന്നറിയിപ്പുമായി ഡൽഹി സർക്കാർ. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പിന്നാലെ നഗരത്തിലെ സ്വകാര്യ കാറുകളെയും പൂർണ്ണമായി ഇലക്ട്രിക് (EV) യുഗത്തിലേക്ക് മാറ്റാനുള്ള കടുത്ത നീക്കത്തിലാണ് അധികൃതർ. ജൂലൈ ഒന്നിന് ഔദ്യോഗികമായി വിജ്ഞാപനം ചെയ്ത ‘ഡൽഹി ഇലക്ട്രിക് വെഹിക്കിൾസ് പോളിസി 2026’ ലാണ് ഭാവിയിൽ കാറുകൾക്കും ഇവി നിയമങ്ങൾ നിർബന്ധമാക്കുമെന്ന സൂചന ആദ്യമായി സർക്കാർ വ്യക്തമാക്കിയത്. മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ പുറത്തിറക്കിയ ഈ പുതിയ നയം, വരും ദിവസങ്ങളിൽ സാധാരണ പെട്രോൾ, ഡീസൽ കാർ ഉടമകൾക്ക് വലിയ നിയന്ത്രണങ്ങൾ വരുത്തുമെന്നതിന്റെ ഔദ്യോഗിക രേഖയായി മാറിക്കഴിഞ്ഞു.
നേരത്തെ ഏപ്രിലിൽ പുറത്തിറക്കിയ കരട് നയത്തിൽ ഇല്ലാതിരുന്ന കടുത്ത ചില വ്യവസ്ഥകളാണ് ഇപ്പോൾ വിജ്ഞാപനത്തിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. ഇന്ധനക്ഷമത കുറഞ്ഞതും പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതുമായ ഇന്ധനങ്ങളിൽ (പെട്രോൾ, ഡീസൽ) ഓടുന്ന വാഹനങ്ങൾക്ക് വലിയ തോതിൽ നിരുത്സാഹപ്പെടുത്തലുകൾ (Disincentivise) നേരിടേണ്ടി വരുമെന്ന് പുതിയ നയത്തിൽ വ്യക്തമാക്കുന്നു. കാറുകൾ പൂർണ്ണമായി ഇലക്ട്രിക്കിലേക്ക് മാറ്റുന്നതിനുള്ള കൃത്യമായ തീയതി ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ മാറ്റം ഒറ്റയടിക്കാണോ അതോ ഘട്ടങ്ങളായിട്ടാണോ നടപ്പിലാക്കുക എന്ന കാര്യത്തിൽ ട്രാൻസ്പോർട്ട് ഉദ്യോഗാസ്ഥർ വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും ഭാവിയിലെ മാറ്റത്തെക്കുറിച്ച് കാർ ഉടമകൾക്ക് സർക്കാർ കൃത്യമായ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
പുതിയ നയം അനുസരിച്ച് 2027 ജനുവരി 1 മുതൽ ഡൽഹിയിൽ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാത്രമേ രജിസ്റ്റർ ചെയ്യുകയുള്ളൂ. തൊട്ടടുത്ത വർഷം, അതായത് 2028 ഏപ്രിൽ 1 മുതൽ പുതിയ പെട്രോൾ, സിഎൻജി (CNG) ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും രജിസ്ട്രേഷൻ പൂർണ്ണമായി അവസാനിപ്പിക്കും. അതിനുശേഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഇതേ മാതൃകയിൽ വരും വർഷങ്ങളിൽ പെട്രോൾ, ഡീസൽ കാറുകളുടെ പുതിയ രജിസ്ട്രേഷനും ഡൽഹി പൂർണ്ണമായി നിരോധിക്കുമെന്നാണ് സൂചന. മലിനീകരണം കുറയ്ക്കുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ 15,000 കോടി രൂപ നിക്ഷേപിക്കാനും നഗരത്തിലുടനീളം 30,000 ഇവി ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനും രേഖാ ഗുപ്ത സർക്കാർ പദ്ധതിയിടുന്നുണ്ട്.
അതേസമയം, നിലവിൽ ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് വലിയ ആനുകൂല്യങ്ങളും പുതിയ നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്-ഷോറൂം വില 30 ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ള ഇലക്ട്രിക് കാറുകൾക്ക് റോഡ് ടാക്സും രജിസ്ട്രേഷൻ ഫീസും പൂർണ്ണമായി ഒഴിവാക്കി. ഇതിനുപുറമെ, പഴയ ബിഎസ്-4 (BS-IV) അല്ലെങ്കിൽ അതിലും പഴയ വാഹനങ്ങൾ പൊളിക്കാൻ (Scrap) നൽകി പുതിയ ഇവി കാറുകൾ വാങ്ങുന്നവർക്ക് ഒരു ലക്ഷം രൂപ വരെ സ്ക്രാപ്പിംഗ് ഇൻസെന്റീവും ലഭിക്കും. ആദ്യത്തെ ഒരു ലക്ഷം അപേക്ഷകർക്കാണ് ഈ ആനുകൂല്യം. എന്നാൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് യാതൊരുവിധ സബ്‌സിഡിയും പുതിയ നിയമത്തിൽ അനുവദിച്ചിട്ടില്ല. വായുമലിനീകരണത്തിന്റെ 23 ശതമാനവും വാഹനങ്ങളിൽ നിന്നാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡൽഹി സർക്കാരിന്റെ ഈ കടുത്ത നീക്കം.










