ബിഹാറിലൂടെ കടന്നുപോകുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള 12 ഓളം പ്രമുഖ ട്രെയിൻ സർവീസുകളുടെ റൂട്ടുകളിൽ താൽക്കാലിക മാറ്റം പ്രഖ്യാപിച്ച് റെയിൽവേ. ബിഹാറിലെ ബെറ്റിയ–മജ്ഹൗലിയ സെക്ഷനിലെ ട്രാക്ക് ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി നോൺ-ഇന്റർലോക്കിംഗ് ജോലികൾ നടക്കുന്നതിനാലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ (ജൂലൈ 3) സർവീസുകളിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ (NER) അറിയിച്ചു. സമസ്തിപൂർ ഡിവിഷന് കീഴിൽ നടക്കുന്ന ഈ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ട്രെയിനുകളുടെ സമയകൃത്യതയും വേഗതയും വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ
ട്രാക്ക് ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടാനും ചില ട്രെയിനുകൾ സർവീസ് ചുരുക്കാനും (Short-originate) ഏതാനും ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാർ റെയിൽവേ സ്റ്റേഷനുകളിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ ട്രെയിനിന്റെ നിലവിലെ അവസ്ഥയും സമയവും ഔദ്യോഗിക ആപ്പുകൾ വഴിയോ ഹെൽപ്പ് ലൈൻ വഴിയോ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സുമിത് കുമാർ അഭ്യർത്ഥിച്ചു.
ജൂലൈ 2-ന് യാത്ര തിരിക്കേണ്ടിയിരുന്ന 14009 ബാപ്പുധാം മോതിഹാരി–ആനന്ദ് വിഹാർ ടെർമിനൽ എക്സ്പ്രസ്സ് ബാപ്പുധാം മോതിഹാരിക്ക് പകരം നർകതിയാഗഞ്ചിൽ നിന്നാണ് സർവീസ് ആരംഭിച്ചത്. കൂടാതെ നിരവധി പ്രമുഖ എക്സ്പ്രസ്സ് ട്രെയിനുകൾ മറ്റ് റൂട്ടുകളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. 15052 ഗോരഖ്പൂർ–കൊൽക്കത്ത എക്സ്പ്രസ്സ് നർകതിയാഗഞ്ച്–സിക്ത–രക്സോൾ–സീതാമർഹി–മുസാഫർപൂർ വഴിയും, 15705 കതിഹാർ–ഡൽഹി എക്സ്പ്രസ്സ് മുസാഫർപൂർ–സീതാമർഹി–രക്സോൾ–സിക്ത–നർകതിയാഗഞ്ച് വഴിയുമാണ് തിരിച്ചുവിട്ടിരിക്കുന്നത്. 04623 കൊൽക്കത്ത–അമൃത്‌സർ സ്പെഷ്യൽ ട്രെയിൻ മുസാഫർപൂർ–ഹാജിപൂർ–ഛപ്ര–ഗോരഖ്പൂർ വഴിയായിരിക്കും സർവീസ് നടത്തുക. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളുടെ പുതിയ സമയക്രമം റെയിൽവേ വെബ്‌സൈറ്റിൽ ലഭ്യമാണ്.











