മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട്, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. പ്രതിപക്ഷ സഖ്യമായ ‘മഹാ വികാസ് അഘാഡി’യിലെ ആഭ്യന്തര തർക്കങ്ങളും ശിവസേന ഉദ്ധവ് പക്ഷത്തുണ്ടായ പുതിയ രാഷ്ട്രീയ മാറ്റങ്ങളുമാണ് ഈ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. 1999-ൽ കോൺഗ്രസ് വിട്ട് ശരദ് പവാർ രൂപീകരിച്ച എൻസിപി, 27 വർഷങ്ങൾക്ക് ശേഷം വീണ്ടും മാതൃപാർട്ടിയിലേക്ക് മടങ്ങിയെത്തുമെന്ന തരത്തിൽ കോൺഗ്രസ് നേതാക്കൾ തന്നെ പ്രസ്താവനകൾ നടത്തിയതോടെയാണ് അഭ്യൂഹം ശക്തമായത്.
എന്നാൽ ലയന വാർത്തകളെ പൂർണ്ണമായി തള്ളിക്കളയാതെയും എന്നാൽ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്നും വ്യക്തമാക്കി പാർട്ടി ഹൈക്കമാൻഡ് രംഗത്തെത്തിയിട്ടുണ്ട്. എൻസിപിയും കോൺഗ്രസും തമ്മിലുള്ള ലയന ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ ഉൾപ്പെടെയുള്ളവർ സൂചന നൽകിയിരുന്നു. സമാന ചിന്താഗതിയുള്ള പാർട്ടികൾ ബിജെപിക്കെതിരെ ഒന്നിക്കണമെന്ന ആശയത്തിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസും ശരദ് പവാറിന്റെ എൻസിപിയും കോൺഗ്രസിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. പല എൻസിപി എംഎൽഎമാരും എംപിമാരും ഇതിനെ പിന്തുണയ്ക്കുന്നുണ്ടെന്നും മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വം സൂചിപ്പിച്ചു.
ശരദ് പവാറിന്റെ മകളും ബാരാമതി എംപിയുമായ സുപ്രിയ സുലെയും ഈ വാർത്തകളോട് പ്രതികരിച്ചു. ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെച്ച ലയന നിർദ്ദേശം അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും, ശിവസേന തങ്ങളുടെ ‘മുതിർന്ന സഹോദരൻ’ ആയതിനാൽ അവരുടെ നിർദ്ദേശങ്ങളെ ബഹുമാനിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ലയന ചർച്ചകൾ നടക്കുന്നുണ്ടെന്ന് പറയപ്പെടുമ്പോഴും ഇരുവിഭാഗത്തിലെയും താഴെത്തട്ടിലുള്ള നേതാക്കൾ ഇതിനോട് പൂർണ്ണമായി യോജിക്കുന്നില്ല. അതേസമയം, ഭരണപക്ഷമായ ബിജെപി ഈ ലയന നീക്കങ്ങളെ കടുത്ത ഭാഷയിലാണ് പരിഹസിച്ചത്. കോൺഗ്രസ് എന്നത് തകരുന്ന ഒരു കപ്പലാണെന്നും , അതിലേക്ക് ആരും കയറാൻ ഭാവിക്കില്ലെന്നുമാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്.










