എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കടുത്ത രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി. അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസ് കോളജിലായിപ്പോയെന്നും, അല്ലായിരുന്നുവെങ്കിൽ പ്രതികളിൽ ഒരാളെപ്പോലും വച്ചുപൊറുപ്പിക്കില്ലായിരുന്നു എന്നുമാണ് എം എം മണി പ്രസ്താവിച്ചത്. ഇടുക്കി വട്ടവടയിൽ നടന്ന അഭിമന്യു അനുസ്മരണ യോഗത്തിലായിരുന്നു രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച മണിയുടെ ഈ പ്രസംഗം.
ഉന്നത വിദ്യാഭ്യാസത്തിനായി എറണാകുളത്തേക്ക് പോയ അഭിമന്യുവിനെ ക്യാമ്പസിനുള്ളിൽ വെച്ച് നിഷ്ഠൂരമായാണ് കൊലപ്പെടുത്തിയതെന്ന് എം എം മണി പറഞ്ഞു. മുൻകാലങ്ങളിൽ പാർട്ടി പ്രവർത്തകർ രക്തസാക്ഷികളായപ്പോൾ കൊലപ്പെടുത്തിയവരെ വെറുതെ വിട്ടിട്ടില്ലെന്ന വിചിത്രമായ വാദവും അദ്ദേഹം പ്രസംഗത്തിൽ ഉന്നയിച്ചു. “അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്, കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്. നിർഭാഗ്യവശാൽ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസിലായിപ്പോയി. അല്ലെങ്കിൽ അവരെ വച്ചുപൊറുപ്പിക്കുന്ന പ്രശ്നമില്ലായിരുന്നു, അത് ഉറപ്പാണ്,” എം എം മണി കൂട്ടിച്ചേർത്തു.
എറണാകുളത്ത് ആയതുകൊണ്ട് മാത്രമാണ് പ്രതികൾ രക്ഷപ്പെട്ടതെന്ന രീതിയിലുള്ള പരാമർശത്തിന് പിന്നാലെ, ഈ വിഷയം പാർട്ടി വിട്ടുകളയില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. “എന്നാൽ ഇത് നമ്മൾ വിടുന്നില്ല. ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ, കേസ് ഒക്കെ ഉണ്ടല്ലോ…” എന്നായിരുന്നു പ്രസംഗത്തിലെ മണിയുടെ വാക്കുകൾ. നിയമവ്യവസ്ഥയെയും പോലീസിനെയും വെല്ലുവിളിക്കുന്ന രീതിയിലുള്ള മുതിർന്ന സിപിഎം നേതാവിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ വരും ദിവസങ്ങളിൽ വലിയ വിവാദങ്ങളിലേക്ക് നീങ്ങും എന്ന കാര്യത്തിൽ സംശയമില്ല .









