യുകെ പര്യടനത്തിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ബെഞ്ചിലിരിക്കേണ്ടി വന്ന 15 കാരൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശി ഇന്ന് ഇന്ത്യക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചേക്കുമെന്ന് സൂചന. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 മത്സരം ശനിയാഴ്ച നടക്കാനിരിക്കെ താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. “പുതിയ അധ്യായം” (New Chapter) എന്ന അടിക്കുറിപ്പോടെയാണ് സൂര്യവംശി ചിത്രം പങ്കുവെച്ചത്. ഇത് താരം ഇന്ന് ഇന്ത്യൻ ജേഴ്‌സി അണിയുമെന്നതിന്റെ ശക്തമായ സൂചനയായി വിലയിരുത്തപ്പെടുന്നു.
അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളിലും താരം കളിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരം ഇന്ത്യ ബാറ്റ് ചെയ്തതിന് ശേഷം മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോഴും സൂര്യവംശിക്ക് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. സൂര്യവംശിയുടെ അരങ്ങേറ്റ സാധ്യതകൾ നിലനിൽക്കുമ്പോഴും, നിലവിലെ സീനിയർ താരങ്ങളെ പെട്ടെന്ന് ടീമിൽ നിന്ന് മാറ്റുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഇന്ത്യൻ ബോളിങ് കോച്ച് മോണി മോർക്കൽ. മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ മോർക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു:
“ട്വന്റി-20 ക്രിക്കറ്റിലെ ലോക ഒന്നാം നമ്പർ ബാറ്ററായ അഭിഷേക് ശർമ്മ ടീമിലുണ്ട് എന്ന വസ്തുത നമ്മൾ മാനിക്കണം. കൂടാതെ 2026-ലെ ടി20 ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസൺ ആണ്. ഐപിഎല്ലിലും മികച്ച പ്രകടനമാണ് സഞ്ജു നടത്തിയത്. അതുകൊണ്ട് തന്നെ കളിക്കാർക്ക് പിന്തുണയും വിശ്വാസവും നൽകുക എന്നത് ഒരു കോച്ചിങ് സ്റ്റാഫ് എന്ന നിലയിൽ ഞങ്ങളുടെ കടമയാണ്. ഒരു യുവതാരം ടീമിന്റെ വാതിലിൽ മുട്ടുന്നു എന്നത് ആവേശകരമായ കാര്യമാണ്. എങ്കിലും നിലവിലുള്ള കളിക്കാർക്ക് അർഹമായ പിന്തുണ നൽകേണ്ടതുണ്ട്.”
ലോകകപ്പ് ജേതാക്കളായ, കഠിനമായ സാഹചര്യങ്ങളിൽ ടീമിനെ ജയിപ്പിച്ച കളിക്കാർക്കൊപ്പം നിൽക്കുകയും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയുമാണ് ടീം മാനേജ്‌മെന്റിന്റെ മുൻഗണനയെന്നും മോർക്കൽ വ്യക്തമാക്കി. നെറ്റ്സ് പരിശീലനത്തിൽ സൂര്യവംശി നടത്തുന്ന വമ്പൻ പ്രകടനങ്ങളുടെ വീഡിയോകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയരാൻ സന്നദ്ധനാണെന്ന് മോർക്കലും സമ്മതിക്കുന്നുണ്ട്. 15-ാം വയസ്സിൽ അന്താരാഷ്ട്ര നെറ്റ്സ് പരിശീലനത്തിൽ പങ്കെടുക്കുക എന്നത് ഭയമുണ്ടാക്കുന്ന കാര്യമാണെങ്കിലും സൂര്യവംശി അവിടെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അവസരം ലഭിക്കുമ്പോൾ താരം അത് വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിലവിലെ ഓപ്പണറായ സഞ്ജു സാംസണിന്റെ സമീപകാല ഫോം ആശങ്കപ്പെടുത്തുന്നതാണ്. യുകെ പര്യടനത്തിലെ കഴിഞ്ഞ മൂന്ന് ഇന്നിങ്സുകളിൽ 5, 0, 1 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്കോറുകൾ. സഞ്ജു ഫോം ഔട്ടിൽ തുടരുന്ന സാഹചര്യത്തിൽ, സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം നൽകാൻ മാനേജ്‌മെന്റ് തീരുമാനിച്ചാൽ സഞ്ജുവിന് ഇന്നത്തെ മത്സരത്തിൽ ബെഞ്ചിലിരിക്കേണ്ടി വന്നേക്കും.












