ചണ്ഡീഗഡ് : ഹരിയാനയിലെ ബഹാദുർഗഡിൽ ഡൽഹി പൊലീസും ഹരിയാന പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ ശക്തമായ ഏറ്റുമുട്ടലിൽ പ്രമുഖ ഗുണ്ടാസംഘ തലവൻ ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളികളായ രണ്ട് ഷൂട്ടർമാർ കൊല്ലപ്പെട്ടു. തലയ്ക്ക് ഒരു ലക്ഷം രൂപ വീതം പ്രതിഫലം പ്രഖ്യാപിച്ചിരുന്ന ഹിസാർ സ്വദേശികളായ പർവേശ്, ഹിമാൻഷു എന്നിവരാണ് പൊലീസിന്റെ പ്രത്യാക്രമണത്തിൽ മരിച്ചത്. ജൂൺ 11-ന് ഹാൻസിയിൽ കപിൽ എന്ന ജിം ഉടമയെ പകൽവെളിച്ചത്തിൽ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സിലെ മുഖ്യ പ്രതികളാണ് ഇരുവരും. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇവർക്കായി ആഴ്ചകളായി തിരച്ചിൽ നടത്തിവരികയായിരുന്നു പൊലീസ്.
ബഹാദുർഗഡ് മേഖലയിൽ മാരകായുധങ്ങളുമായി ഈ സംഘം മറ്റൊരു കുറ്റകൃത്യം നടത്താൻ പദ്ധതിയിടുന്നതായി ഡൽഹി പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് യൂണിറ്റിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിയാന എസ്ടിഎഫും ഡൽഹി പൊലീസും ചേർന്ന് സംയുക്തമായി പ്രതികളെ വളയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കീഴടങ്ങാൻ ആവശ്യപ്പെട്ട പൊലീസിന് നേരെ പ്രതികൾ കടുത്ത വെടിയുതിർത്തു. തുടർന്ന് സ്വയരക്ഷയ്ക്കായി പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഷൂട്ടർമാർക്കും ഗുരുതരമായി പരിക്കേറ്റത്.
ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കടുത്ത വെടിവെപ്പിനിടയിൽ ഒരു പൊലീസ് കോൺസ്റ്റബിളിന്റെ കാലിന് വെടിയേൽക്കുകയും അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവർ തൊടുത്തുവിട്ട വെടിയുണ്ടകൾ മറ്റ് നാല് ഉദ്യോഗസ്ഥരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ പതിച്ചതിനാൽ അവർ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ബിഷ്ണോയി സിൻഡിക്കേറ്റുമായി ബന്ധപ്പെട്ട് നിരവധി സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളികളായ ഇവരുടെ പക്കൽ നിന്നും വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയതായും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന എസ്ടിഎഫ് എസ്പി വിക്രാന്ത് ഭൂഷൺ വ്യക്തമാക്കി.









