പത്തനംതിട്ടയിൽ പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതിയുടെ പേരിൽ കസ്റ്റഡിയിലെടുത്ത ഇരുപതുകാരനെ ക്രൂരമായി മർദ്ദിച്ചെന്ന് കാണിച്ച് കൂടൽ പൊലീസിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി. കൂടൽ എസ്‌ഐ ജയമോഹനും സംഘവുമാണ് തങ്ങളെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായ മൂന്നാംമുറയ്ക്ക് ഇരയാക്കിയതെന്ന് യുവാവ് പരാതിയിൽ ആരോപിച്ചു. സിവിൽ വേഷത്തിലെത്തിയ പൊലീസ് സംഘം തന്റെ വീട്ടിൽ അതിക്രമിച്ചു കയറി ബലപ്രയോഗത്തിലൂടെ വാഗൺആർ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തനിക്ക് പരാതിക്കാരെ ആരെയും അറിയില്ലെന്ന് വ്യക്തമാക്കിയിട്ടും, താൻ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ വ്യക്തിയാണെന്ന് കെഞ്ചിപ്പറഞ്ഞിട്ടും പൊലീസ് ക്രൂരത തുടരുകയായിരുന്നുവെന്ന് യുവാവ് വെളിപ്പെടുത്തി.
ലാത്തി ഉപയോഗിച്ച് കാൽവെള്ളയിൽ അടിക്കുകയും ബൂട്ടിട്ട കാലുകൾ കൊണ്ട് കാൽ ചവിട്ടി ചതയ്ക്കുകയും ചെയ്ത പൊലീസുകാർ, ചെവിയിൽ പിടിച്ച് ശക്തമായി മുകളിലേക്ക് വലിച്ചുയർത്തിയതായും ഇതുമൂലം ചെവിക്ക് ഗുരുതരമായ ക്ഷതമേറ്റതായും യുവാവ് പറയുന്നു. ജൂലൈ നാലിന് വൈകിട്ടോടെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ നിന്നും വിട്ടയച്ചത്. തന്നെ മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെയും വ്യാജ പരാതി നൽകിയവർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസിനെതിരെ വ്യാപക ജനരോഷം ഉയർന്നിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇന്ന് കൂടൽ പൊലീസ് സ്റ്റേഷൻ ഉപരോധിക്കും.
അതേസമയം, ജിമ്മിൽ നിന്നും യുവാവിന്റെ 28 കാരനായ ജ്യേഷ്ഠനെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തതെന്ന് കുടുംബം വ്യക്തമാക്കുന്നു. പ്രായം ചോദിച്ച ശേഷം അനിയൻ വീട്ടിലുണ്ടെന്ന് അറിഞ്ഞതോടെ വീട്ടിലെത്തി ഇരുപതുകാരനെക്കൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതിനിടയിൽ പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചുവെന്ന ഒൻപതാം ക്ലാസുകാരിയുടെ പരാതി തികച്ചും വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ പിന്നീട് തെളിഞ്ഞിരുന്നു. തനിക്ക് പ്രണയം തോന്നിയ സഹപാഠി അത് നിരസിച്ചതിലുള്ള നിരാശയിലാണ് താൻ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് മുന്നിൽ വ്യാജ കഥ ചമച്ചതെന്ന് പെൺകുട്ടി മജിസ്‌ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ട്. മെഡിക്കൽ പരിശോധനയിലും പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായതോടെ കേസിൽ റഫർ റിപ്പോർട്ട് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. പെൺകുട്ടിയുടെ വ്യാജ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നാല് സഹപാഠികളെയും രണ്ട് മുതിർന്നവരെയുമാണ് പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നത്. അതിൽ ഉൾപ്പെട്ട യുവാവാണ് ഇപ്പോൾ നീതി തേടി ആഭ്യന്തരമന്ത്രിയെ സമീപിച്ചിരിക്കുന്നത്.










