പാകിസ്താൻ അധിനിവേശ കശ്മീരിൽ (പിഒകെ) ജനകീയ പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ പാക് സുരക്ഷാ സേനയുടെ ക്രൂരമായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് സമാധാനപരമായി സമരം ചെയ്ത ജനക്കൂട്ടത്തിന് നേരെ പാക് റേഞ്ചേഴ്സ് ഉദ്യോഗസ്ഥർ യാതൊരു മുന്നറിയിപ്പുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. ഇതേത്തുടർന്ന് മേഖലയിൽ വൻ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കണമെന്നും സാമ്പത്തിക സഹായങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിൽ മിർപൂർ ജില്ലയിലെ ദാദിയാൽ തെഹ്സിലിലുള്ള അംബ് ഗ്രാമത്തിലാണ് പുതിയ പ്രതിഷേധങ്ങൾ അരങ്ങേറിയത്.
സ്ത്രീകളും കുട്ടികളും മുതിർന്നവരുമടങ്ങുന്ന വൻ ജനസഞ്ചയമാണ് റാവലകോട്ട് കേന്ദ്രീകരിച്ച് നടത്തുന്ന മാർച്ചിലും ധർണ്ണയിലും പങ്കെടുക്കാനായി എത്തിയത്. ഇതിനിടയിലേക്കാണ് പാക് റേഞ്ചേഴ്സും പൊലീസും ക്രൂരമായ രീതിയിൽ കണ്ണീർവാതക പ്രയോഗവും വെടിവെപ്പും നടത്തിയത്. സുരക്ഷാ സേനയുടെ ആക്രമണത്തിൽ നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായി കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് പാക് ഭരണകൂടം ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം അറുന്നൂറിലധികം സിവിൽ റൈറ്റ്സ്-മനുഷ്യാവകാശ പ്രവർത്തകരെയാണ് കള്ളക്കേസുകളിൽ കുടുക്കി പാക് പൊലീസ് തടവിലാക്കിയിരിക്കുന്നത്.
ജെഎഎസി നേതാവ് ഷൗക്കത്ത് നവാസ് മിർ അടക്കമുള്ള പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മേഖലയിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ വിഭവങ്ങൾ പുറത്തുനിന്നുള്ള കമ്പനികൾക്ക് പാക് സൈന്യം വിറ്റഴിക്കുന്നതിനെതിരെയും കടുത്ത ജനരോഷമുണ്ട്. വരാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ സമരസമിതി ആഹ്വാനം ചെയ്തതും പാക് ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം, പാകിസ്താന്റെ ഈ കടുത്ത അടിച്ചമർത്തൽ നടപടികൾക്കെതിരെ ആഗോളതലത്തിലും പ്രതിഷേധം ശക്തമാവുകയാണ്. ലണ്ടനിൽ പ്രവാസി കശ്മീരികൾ പാക് ക്രൂരതയ്ക്കെതിരെ വൻ പ്രതിഷേധ പ്രകടനം നടത്തി. രാഷ്ട്രീയ എതിർപ്പുകളെ അടിച്ചമർത്താൻ പാകിസ്താൻ ക്രൂരമായ ബലപ്രയോഗം നടത്തുകയാണെന്നും ഇത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ അമ്നസ്റ്റി ഇന്റർനാഷണലും രംഗത്തെത്തിയിട്ടുണ്ട്











