വിവാഹവിരുന്നിനിടെ ഐസ്‌ക്രീം തീർന്നുപോയതിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കലാശിച്ചത് കൂട്ടത്തല്ലിൽ. കൊല്ലം പള്ളിമുക്ക് ഇരവിപുരം റോഡിലുള്ള ബി.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിനിടയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കൺമുന്നിൽ ബന്ധുക്കളും നാട്ടുകാരും തമ്മിൽ തല്ലുന്നത് കണ്ട് പരിഭ്രാന്തിയിലായ വധു ഓഡിറ്റോറിയത്തിൽ കുഴഞ്ഞുവീണു. വധുവിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വധുവിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. വിവാഹസൽക്കാരത്തിൽ പങ്കെടുത്ത വധുവിന്റെ ബന്ധുക്കളിൽ ചിലർ രണ്ടാമതും ഐസ്‌ക്രീം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ ഐസ്‌ക്രീം തീർന്നുപോയെന്ന് കാറ്ററിങ് ജീവനക്കാർ അറിയിച്ചു. ഇതോടെ പെൺവീട്ടുകാർ കാറ്ററിങ് ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുകയും, നേരിട്ട് ഐസ്‌ക്രീം ബോക്‌സ് തുറന്ന് എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് ജീവനക്കാർ തടഞ്ഞതോടെ തർക്കം കയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു. പ്രശ്നത്തിൽ കൂടുതൽ ആളുകളും നാട്ടുകാരും ഇടപെട്ടതോടെ ഓഡിറ്റോറിയം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറി. കസേരകളും പ്ലേറ്റുകളും പരസ്പരം വലിചെറിഞ്ഞായിരുന്നു തല്ല്.
ഹാളിനുള്ളിൽ തുടങ്ങിയ തല്ല് പിന്നീട് പള്ളിമുക്കിലെ പ്രധാന റോഡിലേക്കും വ്യാപിച്ചതോടെ പ്രദേശത്ത് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരവിപുരത്തുനിന്നും സിറ്റിയിൽ നിന്നും വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവസ്ഥലത്തുനിന്ന് ഒരാളെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പുതിയതായി തുടങ്ങിയ വിവാഹബന്ധത്തെ ബാധിക്കുമെന്നതിനാൽ ഇരുവിഭാഗവും പരാതി നൽകാൻ തയ്യാറായില്ല. തങ്ങൾക്ക് പരാതിയില്ലെന്ന് ഇരുവീട്ടുകാരും രേഖാമൂലം അറിയിച്ചതിനെ തുടർന്ന് കസ്റ്റഡിയിലായയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, കല്യാണദിവസം രാവിലെ മുതൽ ഇരുവിഭാഗവും തമ്മിലുണ്ടായിരുന്ന ചില ചെറിയ തർക്കങ്ങളുടെ തുടർച്ചയാണ് സൽക്കാരത്തിനിടയിലെ ഈ കൂട്ടത്തല്ലിന് കാരണമെന്നാണ് സൂചന.











