ആഗോള വ്യവസായ ഭൂപടത്തിൽ ഇന്ത്യയെ ഉൽപ്പാദനരംഗത്തെ പുതിയ മഹാശക്തിയായി അടയാളപ്പെടുത്തിക്കൊണ്ട് ഒരു വലിയ വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ. സാങ്കേതികവിദ്യയിലും തദ്ദേശീയമായ കണ്ടുപിടുത്തങ്ങളിലും രാജ്യം കൈവരിക്കുന്ന അസാധാരണമായ ഈ മുന്നേറ്റം ലോകരാഷ്ട്രങ്ങളെപ്പോലും അമ്പരപ്പിക്കുന്നതാണ്. ആഗോള വിപണിയിൽ ചൈനയ്ക്കുള്ള ചോദ്യം ചെയ്യപ്പെടാത്ത കുത്തകകളെ ഒന്നൊന്നായി തച്ചുടച്ചുകൊണ്ട്, ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക മികവ് ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്ന കാഴ്ചയ്ക്കാണ് ഇപ്പോൾ വാഹനലോകം സാക്ഷ്യം വഹിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ (EV) യുഗത്തിലേക്ക് ലോകം അതിവേഗം ചുവടുമാറുമ്പോൾ, അതിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട അസംസ്കൃത വസ്തുവായ അപൂർവ്വ കാന്തിക ധാതുക്കളുടെ അഥവാ Rare Earth Minerals വിപണിയിൽ ചൈനയ്ക്ക് മേധാവിത്വമുണ്ട്. എന്നാൽ ഈ ചൈനീസ് കുത്തകയെ വെറും സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യ കൊണ്ട് വെല്ലുവിളിക്കുകയാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാഗ് ലാബ്‌സ് (Vimag Labs) എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി. സ്ഥിരമായ കാന്തികക്കല്ലുകൾ അഥവാ Permanent Magnets പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട്, സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന അത്യാധുനിക മോട്ടോറുകളാണ് ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
2020-ൽ കോവിഡ് മഹാമാരിയുടെ ആദ്യ തരംഗത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥ നിശ്ചലമായപ്പോഴാണ് വിമാഗ് ലാബ്‌സിന്റെ സഹസ്ഥാപകനും സിഇഒയുമായ മനീഷ് സേത്ത് ഈ വലിയൊരു പ്രതിസന്ധിയെ നേരിടുന്നത്. തങ്ങൾ നിർമ്മിക്കുന്ന പ്രോട്ടോടൈപ്പ് മോട്ടോറുകൾക്ക് ആവശ്യമായ മാഗ്നറ്റുകളുടെ ഷിപ്പ്‌മെൻ്റ് ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് ലോക്ക്ഡൗൺ കാരണം മൂന്ന് മാസത്തോളമാണ് കുടുങ്ങിക്കിടന്നത്. ഫോക്സ്‌വാഗൺ, ഫോർഡ്, ജനറൽ മോട്ടോഴ്‌സ് തുടങ്ങിയ ആഗോള ഭീമന്മാർക്കായി ദശാബ്ദങ്ങളോളം നിർമ്മാണ പ്ലാൻ്റുകൾ സ്ഥാപിച്ച് പരിചയമുള്ള മനീഷ് സേത്ത്, ഈ പ്രതിസന്ധിയെ ഒരു വലിയ അവസരമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ചൈനയെ ആശ്രയിക്കാതെ, പൂർണ്ണമായും മാഗ്നറ്റുകളില്ലാത്ത, അപൂർവ്വ ധാതുക്കൾ ആവശ്യമില്ലാത്ത ഒരു മോട്ടോർ എന്ന ആശയം പിറവിയെടുക്കുന്നത് അങ്ങനെയാണ്.
ഒരു സാധാരണ ഇന്ധന വാഹനത്തിൽ എഞ്ചിനും ഫ്യുവൽ ടാങ്കും എത്രത്തോളം പ്രധാനമാണോ, അത്രത്തോളം പ്രധാനമാണ് ഒരു ഇലക്ട്രിക് വാഹനത്തിൽ അതിൻ്റെ ബാറ്ററിയും മോട്ടോറും. വാഹനത്തിൻ്റെ കാര്യക്ഷമത, ടോർക്ക്, ആക്സിലറേഷൻ, റേഞ്ച് എന്നിവയെല്ലാം നിർണ്ണയിക്കുന്നത് ഇൻവെർട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ മോട്ടോറാണ്. ഇതുവരെ ഉയർന്ന ശേഷിയുള്ള ഇവി മോട്ടോറുകൾക്കായി ലോകം മുഴുവൻ ആശ്രയിച്ചിരുന്നത് ചൈനയിൽ നിന്നുള്ള നിയോഡൈമിയം-അയൺ-ബോറോൺ (NdFeB) മാഗ്നറ്റുകളെയായിരുന്നു. ഇൻ്റർനാഷണൽ എനർജി ഏജൻസിയുടെ (IEA) കണക്കുകൾ പ്രകാരം, ലോകത്തിലെ അപൂർവ്വ ധാതുക്കളുടെ വിതരണ ശൃംഖലയുടെ 90 ശതമാനവും അതിൽ നിന്നുണ്ടാക്കുന്ന മാഗ്നറ്റുകളുടെ 94 ശതമാനവും ചൈനയുടെ കൈകളിലാണ്. ചൈന കയറ്റുമതി നിയന്ത്രണങ്ങൾ കർശനമാക്കുമ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വലിയ പ്രതിസന്ധിയിലാകുന്ന സാഹചര്യത്തിലാണ് ഈ ഇന്ത്യൻ കമ്പനിയുടെ കണ്ടെത്തൽ വലിയൊരു ആശ്വാസമാകുന്നത്. കടുത്ത പ്രതിസന്ധികളിൽ നിന്നും വെല്ലുവിളികളിൽ നിന്നും അതിജീവനത്തിൻ്റെയും സ്വയംപര്യാപ്തതയുടെയും പുതിയൊരു പാത വെട്ടിത്തുറക്കാൻ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് കഴിയുമെന്നതിൻ്റെ നേർസാക്ഷ്യമാണ് ബംഗളൂരുവിൽ നിന്നുള്ള ഈ പുതിയ സാങ്കേതിക വിപ്ലവം.












