ആലപ്പുഴയിൽ നടന്ന വിഎസ് അച്യുതാനന്ദൻ അനുസ്മരണ പരിപാടിയിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് നടത്തിയ പരാമർശങ്ങൾ പാർട്ടിക്കുള്ളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയാകുന്നു. വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന സാമുദായിക ശക്തികളെ വി.എസിന്റെ കാലത്ത് ശക്തമായി നേരിട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അന്ന് സമുദായ നേതാക്കളുടെ വീടിന് മുന്നിൽ മൈക്ക് കെട്ടി വെല്ലുവിളിച്ചിട്ടും ഇവിടെ ഒരു ഭൂകമ്പവും ഉണ്ടായിട്ടില്ലല്ലോ എന്ന് ഓർമ്മിപ്പിച്ചു.
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ മുൻനിർത്തി പാർട്ടി നേതൃത്വത്തിന് നേരെയുള്ള ഒരു ഒളിയമ്പായാണ് തോമസ് ഐസക്കിന്റെ ഈ വാക്കുകൾ വിലയിരുത്തപ്പെടുന്നത്. സർക്കാരിനെതിരായ ജനവികാരവും വോട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമാക്കി മാറ്റാൻ പാർട്ടിക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എമ്മിന്റെ മുതിർന്ന നേതാവായിരുന്ന വി.എസിന്റെ ചരമവാർഷികം വിപുലമായ പരിപാടികളോടെയാണ് പാർട്ടി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പ്രമുഖ നേതാക്കൾ പുഷ്പാർച്ചന നടത്തി. തുടർന്ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനവും റാലിയും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചരമവാർഷികത്തോടനുബന്ധിച്ച് പുന്നപ്രയിലെ വിഎസിന്റെ കുടുംബവീടായ വേലിക്കകത്ത് പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ അദ്ദേഹത്തിന്റെ അർദ്ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.










