നീറ്റ് (NEET-UG) ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ചെയ്ത പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന നാല് മണിക്കൂർ നീണ്ട നിർണ്ണായക ഉന്നതതല യോഗത്തിന് ശേഷമാണ് വാങ്ചുക് സമരം പിൻവലിക്കാൻ തയാറായത്. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്നും, പരീക്ഷാ തട്ടിപ്പുകൾക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ ബിൽ അടുത്ത ആഴ്ച തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പ് നൽകി.
ആരോഗ്യനില വശളായതിനെ തുടർന്ന് ആശങ്കയിലായ വാങ്ചുക്കിന്റെ ജീവൻ രക്ഷിക്കുന്നതിനും വിദ്യാർത്ഥി പ്രക്ഷോഭത്തിന് പരിഹാരം കാണുന്നതിനുമായാണ് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ടത്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ, പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിങ് എന്നിവരുമായി അമിത് ഷാ മാരത്തോൺ ചർച്ചകൾ നടത്തി. വാങ്ചുക്കിന്റെ ആവശ്യങ്ങൾ തത്ത്വത്തിൽ അംഗീകരിക്കാൻ തയ്യാറായ കേന്ദ്രം, വിദ്യാർത്ഥികളുടെ ഭാവിയും പരീക്ഷാ സംവിധാനത്തിന്റെ സുതാര്യതയും ഉറപ്പാക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്ന ഉറപ്പുരേഖ കൈമാറുകയായിരുന്നു.
തുടർന്ന് അമിത് ഷാ നൽകിയ ഉറപ്പുകൾ സ്വാഗതം ചെയ്ത സോനം വാങ്ചുക് സമരം അവസാനിപ്പിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. താൻ നിരാഹാരം അവസാനിപ്പിച്ച വിവരം വാങ്ചുക് തന്റെ സോഷ്.ൽ മീഡിയ പേജുകളിലൂടെ അറിയിച്ചു. സമരം അക്രമാസക്തമാകാനുള്ള സാധ്യതയും രാജ്യത്തെ സമാധാനാന്തരീക്ഷം തകരുമോ എന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. സമാധാനപരമായ പോരാട്ടമാണ് തനിക്ക് താൽപര്യം. ആരും അക്രമത്തിൽ ഏർപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷാ ചോർച്ച തടയാൻ അടുത്ത ആഴ്ച പാർലമെന്റിൽ കൊണ്ടുവരുന്ന പുതിയ നിയമം വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ദ്രുതഗതിയിലുള്ള നയതന്ത്രപരമായ ഇടപെടലിലൂടെയാണ് തലസ്ഥാനത്ത് ദിവസങ്ങളായി പുകഞ്ഞിരുന്ന പ്രക്ഷോഭത്തിന് പരിഹാരമായത്.










