ഇന്ത്യൻ നാവികസേനയുടെ കരുത്ത് ഇരട്ടിയാക്കുന്ന ചരിത്രപരമായ 90,000 കോടി രൂപയുടെ (8 ബിില്യൺ യൂറോ) അന്തർവാഹിനി നിർമ്മാണ കരാറിൽ ഇന്ത്യയും ജർമ്മനിയും ഉടൻ ഒപ്പുവെക്കാനൊരുങ്ങുന്നു. പ്രൊജക്റ്റ്-75ഐ (Project-75I) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ അത്യാധുനിക സാങ്കേതികവിദ്യയുള്ള ആറ് അന്തർവാഹിനികളാണ് ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നത്. അടുത്ത മാസത്തോടെ തന്നെ കരാറിൽ അന്തിമ ധാരണയായേക്കുമെന്ന് ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ വ്യക്തമാക്കി. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സും (MDL) ജർമ്മൻ കമ്പനിയായ തിസൻക്രൂപ്പ് മറൈൻ സിസ്റ്റംസും (TKMS) ചേർന്നാണ് ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇവ നിർമ്മിക്കുന്നത്.
ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത ഇവയിലടങ്ങിയിരിക്കുന്ന എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (AIP) സാങ്കേതികവിദ്യയാണ്. സാധാരണ ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികൾക്ക് ബാറ്ററികൾ ചാർജ് ചെയ്യുന്നതിനായി അടിക്കടി ജലോപരിതലത്തിൽ എത്തേണ്ടി വരാറുണ്ട്. അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ വലിച്ചെടുത്ത് എഞ്ചിൻ പ്രവർത്തിപ്പിക്കുമ്പോൾ ശത്രുക്കളുടെ റഡാറുകളിലോ നിരീക്ഷണ സംവിധാനങ്ങളിലോ പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഫ്യുവൽ സെൽ അടിസ്ഥാനമാക്കിയുള്ള എഐപി സാങ്കേതികവിദ്യയുള്ള അന്തർവാഹിനികൾക്ക് അന്തരീക്ഷത്തിലെ ഓക്സിജനെ ആശ്രയിക്കാതെ തന്നെ ആഴ്ചകളോളം വെള്ളത്തിനടിയിൽ പൂർണ്ണമായും നിശബ്ദമായി തുടരാനാകും. ഇത് ശത്രുരാജ്യങ്ങളുടെ കണ്ണ് വെട്ടിച്ച് സമുദ്ര അതിർത്തികളിൽ നിരീക്ഷണം നടത്താനും കടുത്ത പ്രതിരോധം തീർക്കാനും നാവികസേനയെ പ്രാപ്തമാക്കും.
നിലവിൽ ഡിആർഡിഒ (DRDO) ഇന്ത്യയിൽ തദ്ദേശീയമായി ഇത്തരം എഐപി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നുണ്ടെങ്കിലും, പുതിയ പ്രൊജക്റ്റ്-75ഐ അന്തർവാഹിനികളിലേക്ക് ജർമ്മൻ സാങ്കേതികവിദ്യ കൂടി എത്തുന്നതോടെ ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടമുണ്ടാകും. സമുദ്ര സുരക്ഷയിൽ ചൈനയും പാകിസ്ഥാനും ഉയർത്തുന്ന ഭീഷണികൾ നേരിടാൻ ഇന്ത്യയ്ക്ക് ഈ വൻ പദ്ധതി അത്യാവശ്യമാണെന്നാണ് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.








