കാവേരി തർക്ക വിഷയത്തിൽ ഡി.എം.കെ നടത്തിയ പ്രതിഷേധ പരിപാടിക്കിടെ പ്രശസ്ത നടി തൃഷയ്‌ക്കെതിരെ ദ്വയാർഥ പരാമർശം നടത്തിയ സംഭവത്തിൽ തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലും തൃഷയെ അധിക്ഷേപിക്കുന്ന രീതിയിലും പരാമർശം നടത്തിയെന്ന പരാതിയിലാണ് നടപടി. ചെന്നൈ നീലാങ്കരയിലുള്ള ഉദയനിധിയുടെ വീട്ടിലെത്തിയാണ് പോലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ ഉദയനിധി സ്റ്റാലിനെതിരെ ആറ് ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. കാവേരി ജല തർക്കത്തിൽ തഞ്ചാവൂരിൽ സംഘടിപ്പിച്ച വൻ പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതുറന്ന വിവാദ പരാമർശം. ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അധികൃതർ കേസെടുത്ത് നടപടികളിലേക്ക് കടന്നത്.
ഉദയനിധിയുടെ അറസ്റ്റോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. അറസ്റ്റ് വിവരം പുറത്തുവന്നതോടെ നീലാങ്കരയിലെ അദ്ദേഹത്തിന്റെ വീടിന് മുന്നിലും പ്രധാന കേന്ദ്രങ്ങളിലും ഡി.എം.കെ പ്രവർത്തകർ തടിച്ചുകൂടി പ്രതിഷേധിക്കുകയാണ്. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.










