ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് നിർമ്മിത അത്യാധുനിക ഹൗവിറ്റ്‌സർ പീരങ്കികൾ പാകിസ്ഥാൻ വൻതോതിൽ വിന്യസിച്ചതിന് പിന്നാലെ ശക്തമായ താക്കീതുമായി ഇന്ത്യ. രാജ്യത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ ഏത് കടുത്ത നടപടിയും സ്വീകരിക്കാൻ ഇന്ത്യ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന വാരാന്ത്യ മാധ്യമ സമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇന്ത്യയുടെ കടുത്ത നിലപാട് പരസ്യമാക്കിയത്.
പാക് സൈന്യത്തിന്റെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി ചൈനയിൽ നിന്ന് വാങ്ങിയ 250-ഓളം SH-15 സെൽഫ്-പ്രൊപ്പൽഡ് ഹൗവിറ്റ്‌സർ പീരങ്കികളാണ് പാകിസ്ഥാൻ ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കി വിന്യസിച്ചിരിക്കുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാൻ അവസാനിപ്പിച്ചേ മതിയാകൂ എന്ന് വ്യക്തമാക്കിയ വിദേശകാര്യ വക്താവ്, രാജ്യ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ അതിതീവ്ര ജാഗ്രതയിലാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും കൂട്ടിച്ചേർത്തു.
ഇതിനുപുറമെ പാക് അധിനിവേശ കശ്മീരിൽ (PoK) പാകിസ്ഥാൻ അടുത്തിടെ നടത്തിയ പ്രാദേശിക തെരഞ്ഞെടുപ്പ് തികഞ്ഞ പ്രഹസനമാണെന്ന് ഇന്ത്യ തുറന്നടിച്ചു. പാക് അധിനിവേശ കശ്മീരിലെ ജനങ്ങളുടെ പ്രതിഷേധത്തെ തോക്കിൻമുനയിൽ അടിച്ചമർത്താനാണ് പാക് ഭരണകൂടം ശ്രമിക്കുന്നത്. സ്വന്തം രാജ്യത്തെ അസ്വസ്ഥതകളിൽ നിന്നും ജനകീയ പ്രക്ഷോഭങ്ങളിൽ നിന്നും ലോകശ്രദ്ധ തിരിച്ചുവിടാൻ ഇല്ലാത്ത തെരഞ്ഞെടുപ്പുകൾ നടത്തി അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന പാകിസ്ഥാന്റെ പൊള്ളയായ നീക്കങ്ങൾക്കൊന്നും യഥാർത്ഥ വസ്തുത തമസ്കരിക്കാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം ആഞ്ഞടിച്ചു.












