ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ‘ഫാന്റസി പ്രസംഗങ്ങൾ’ കേൾക്കാൻ പ്രതിപക്ഷത്തിന് താല്പര്യമില്ലെന്നും, രാജ്യത്തെ ഞെട്ടിച്ച സംഭവങ്ങളിൽ വ്യക്തമായ മറുപടിയും നടപടിയുമാണ് വേണ്ടതെന്നും വ്യക്താമാക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാർലമെന്റ് സ്തംഭനം ഒഴിവാക്കാൻ മൂന്ന് പ്രധാന നിബന്ധനകൾ മുൻപോട്ടുവെച്ച് രാഹുൽ രംഗത്തെത്തിയത്. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകളും ആണികൾ തറച്ച ലാത്തികളും ഉപയോഗിച്ച് പോലീസ് അതിക്രമം അഴിച്ചുവിടാൻ ഉത്തരവിട്ടത് ആരാണെന്ന് അമിത് ഷാ വ്യക്തമാക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ആഭ്യന്തര മന്ത്രി അറിയാതെയാണ് പോലീസിന്റെ ഈ ക്രൂരതയെങ്കിൽ അദ്ദേഹം ആ സ്ഥാനത്തിരിക്കാൻ അയോഗ്യനാണെന്നും, അതിനാൽ രാജിവെച്ച് പുറത്തുപോകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
സമരരംഗത്തുള്ള വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടും യുവജനതയോടും പരസ്യമായി മാപ്പ് പറയണമെന്നാണ് രണ്ടാമത്തെ ആവശ്യം. അയോധ്യയിലെ രാമക്ഷേത്ര നിധി ശേഖരണത്തിൽ വൻ സാമ്പത്തിക തട്ടിപ്പും കവർച്ചയും നടന്നിട്ടുണ്ടെന്നും, പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങൾക്ക് ഇതിൽ പങ്കുണ്ടെന്നും ആരോപിച്ച രാഹുൽ ഗാന്ധി, ഈ വിഷയത്തിൽ കൃത്യമായ അന്വേഷണവും അക്കൗണ്ടബിലിറ്റിയും വേണമെന്നത് മൂന്നാമത്തെ ആവശ്യമായി ഉന്നയിച്ചു. പൊതുവായ വിഷയങ്ങളിൽ പാർലമെന്റിൽ വന്ന് പ്രസംഗിക്കാൻ അമിത് ഷായ്ക്ക് ധൈര്യമുണ്ടെങ്കിൽ പോലും, യഥാർത്ഥ ചോദ്യങ്ങളിൽ നിന്ന് സർക്കാരിന് ഒളിച്ചോടാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
കഴിഞ്ഞ 15 ദിവസമായി സഭയിൽ വരാനോ പ്രധാന വിഷയങ്ങളിൽ മറുപടി നൽകാനോ പ്രധാനമന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ ധൈര്യമില്ലെന്ന് രാഹുൽ പരിഹസിച്ചു. ഭരണകൂടത്തിന്റെ പരാജയങ്ങൾക്കെതിരെ ചെറുപ്പക്കാർ തെരുവിൽ സമരം ചെയ്യുമ്പോൾ, അവരെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവേ, ഈ മൂന്ന് ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നത് വരെ സഭയ്ക്കുള്ളിലും പുറത്തും ശക്തമായ പ്രതിഷേധം തുടരുമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.









