വരുന്ന ഓണാഘോഷം കൂടുതൽ വർണ്ണാഭമാക്കാൻ സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്ക് ആവേശകരമായ സന്തോഷവാർത്തയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ ഓണാഘോഷം നടക്കുന്ന ദിവസത്തിൽ കുട്ടികൾക്ക് യൂണിഫോമിന് പകരം തങ്ങൾക്ക് ഇഷ്ടമുള്ള കളർ വസ്ത്രങ്ങൾ ധരിച്ച് എത്താൻ അനുമതി നൽകി പൊതുവിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടു.
വരുന്ന ഓഗസ്റ്റ് 21-നാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഈ ദിനത്തിൽ വിദ്യാർഥികൾക്ക് യൂണിഫോമിൽ ഇളവ് നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഓണാഘോഷ വേളകളിൽ പരമ്പരാഗത വസ്ത്രങ്ങളോ തങ്ങളുടെ താല്പര്യപ്രകാരമുള്ള വസ്ത്രങ്ങളോ ധരിച്ച് കുട്ടികൾക്ക് ആഘോഷങ്ങളുടെ ഭാഗമാകാം. ഇത് സംബന്ധിച്ച് സ്കൂളുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വർഷങ്ങളായി ഓണാഘോഷ ദിവസങ്ങളിൽ പോലും യൂണിഫോം നിർബന്ധമാക്കുന്നത് കുട്ടികളുടെ ആഘോഷങ്ങളുടെ സന്തോഷം കുറയ്ക്കുന്നുവെന്ന പരാതികൾ മുൻനിർത്തി കൂടിയാണ് ഈ ഇളവ്. അധ്യയന വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ സ്കൂൾ ഓണാഘോഷം കൂടുതൽ മനോഹരമാക്കാൻ സർക്കാരിന്റെ ഈ പുതിയ ഉത്തരവ് വഴിസാധിക്കും.












