ജമ്മു കശ്മീരിൽ ഭീകരവാദ പ്രവൃത്തികൾ മുൻപത്തേക്കാൾ വലിയ തോതിൽ കുറഞ്ഞിട്ടുണ്ടെങ്കിലും ഭീഷണി പൂർണ്ണമായി ഒഴിഞ്ഞിട്ടില്ലെന്ന് മുൻ പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) കുൽദീപ് ഖോഡ. മേഖലയിൽ അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ പാകിസ്ഥാൻ ഇപ്പോഴും തുടരുകയാണെന്നും, ഇതിനായി ആയുധ കടത്ത്, മയക്കുമരുന്ന് മാഫിയ (നാർക്കോ ടെററിസം), ഡ്രോണുകൾ വഴിയുള്ള ആയുധ വിതരണം എന്നിവയാണ് അവർ പ്രധാനമായും ഉപയോഗിക്കുന്നതെന്നും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. കശ്മീരിലെ സ്ഥിതിഗതികൾ തങ്ങൾക്ക് അനുകൂലമല്ല എന്ന് കാണുമ്പോൾ നുഴഞ്ഞുകയറ്റത്തിലൂടെയും വിഘടനവാദ പ്രവർത്തനങ്ങളിലൂടെയും പ്രദേശം എപ്പോഴും സംഘർഷഭരിതമായി നിലനിർത്താനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്.
മേഖലയിലെ കശ്മീരി പണ്ഡിറ്റുകൾ, കുടിയേറ്റ തൊഴിലാളികൾ തുടങ്ങിയ ആക്രമണസാധ്യതയുള്ള ‘സോഫ്റ്റ് ടാർഗറ്റുകളെ’ ലക്ഷ്യമിട്ടാണ് ഭീകരർ ഇപ്പോൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കുൽഗാമിൽ ഛത്തീസ്ഗഢിൽ നിന്നുള്ള രണ്ട് കുടിയേറ്റ തൊഴിലാളികൾ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ഇതിന്റെ തെളിവാണ്. കശ്മീരിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച്, പ്രദേശം വൻ സംഘർഷ മേഖലയാണെന്ന് അന്താരാഷ്ട്ര തലത്തിൽ വരുത്തിതീർക്കാനാണ് ഭീകരസംഘടനകൾ ഇത്തരം ആക്രമണങ്ങളിലൂടെ ശ്രമിക്കുന്നത്. ഇതിനിടെ, കുൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശക്തമായി അപലപിച്ചു. നിരപരാധികളെ കൊല്ലാൻ ഒരു മതവും അനുശാസിക്കുന്നില്ലെന്നും ഇത്തരം ദാരുണമായ സംഭവങ്ങൾ തടയാൻ സുരക്ഷാ ഏജൻസികൾ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദേശീയപാത 44-ൽ വാഹന പരിശോധനയും തിരിച്ചറിയൽ കാർഡ് പരിശോധനയും പോലീസ് ശക്തമാക്കിയിട്ടുണ്ട്.












