പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി (JeM) ബന്ധം പുലർത്തുകയും ക്രിപ്റ്റോകറൻസി വഴി വിദേശത്തേക്ക് ഭീകരപ്രവർത്തനത്തിനായി ഫണ്ട് കൈമാറുകയും ചെയ്ത 24-കാരൻ ഉത്തർപ്രദേശ് ആന്റി ടെററിസം സ്ക്വാഡിന്റെ (ATS) പിടിയിലായി. ബിഹാർ പൂർണിയ ജില്ലയിലെ മീർഗഞ്ച് ഗ്രാമവാസിയായ മുഹമ്മദ് സഫറാണ് മീററ്റിൽ വെച്ച് യുപി എടിഎസിന്റെ പിടിയിലായത്.
മദ്രസയുടെ പേരിൽ നാട്ടുകാരിൽ നിന്നും മറ്റും പിരിച്ചെടുക്കുന്ന പണം യുഎസ്‌ഡിടി (USDT) ക്രിപ്റ്റോകറൻസി രൂപത്തിലാക്കി ക്രിപ്റ്റോ എക്സ്ചേഞ്ച് ആയ ബൈനാൻസ് (Binance) വഴി പാകിസ്താനിലെ ഭീകര കൈകാര്യകർത്താക്കൾക്ക് (Pakistani Handlers) സഫർ എത്തിച്ചു നൽകുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. 5,000 യുഎസ് ഡോളറിലധികം (ഏകദേശം നാല് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) തുക സഫർ ഇത്തരത്തിൽ വിദേശത്തേക്ക് അയക്കുകയോ അയക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
മീററ്റിലെ മദ്രസ പഠനകാലത്താണ് സഫർ തീവ്രവാദ ആശയങ്ങളിൽ ആകർഷിക്കപ്പെടുന്നത്. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ പ്രസംഗങ്ങളിലും വിഡിയോകളിലും പ്രചോദിതനായ ഇയാൾ, സോഷ്യൽ മീഡിയയിലൂടെ ഇത്തരം വിദ്വേഷ പ്രസംഗങ്ങളും രാജ്യവിരുദ്ധ സന്ദേശങ്ങളും നിരന്തരം പ്രചരിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും മുഖം മൂടിയ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു സഫറിന്റെ പ്രവർത്തനം.
ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പാകിസ്താൻ കേന്ദ്രീകൃതമായ നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമാണെന്ന് വ്യക്തമായിട്ടുണ്ട്. തുടക്കത്തിൽ പാകിസ്താനിലെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമയക്കാനാണ് പാക് ഹാൻഡ്‌ലർ ഇയാൾക്ക് വിവരങ്ങൾ നൽകിയിരുന്നത്. എന്നാൽ ഈ ഇടപാട് സാങ്കേതിക തടസ്സങ്ങൾ കാരണം പരാജയപ്പെട്ടതിനെ തുടർന്നാണ് ക്രിപ്റ്റോകറൻസി മാർഗ്ഗം തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചത്.
ഇന്ത്യൻ ന്യായ സംഹിത (BNS) സെക്ഷൻ 152, 61(2) കൂടാതെ അനധികൃത പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (UAPA) 18, 38 വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും, ക്രിപ്റ്റോ ഇടപാടുകളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്നും യുപി എടിഎസ് ലഖ്‌നൗവിൽ വിശദമായി അന്വേഷിച്ചുവരികയാണ്.










