ഗൾഫ് സമുദ്രമേഖലയിലെ കപ്പൽ ഗതാഗതത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടെന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ) ആരോപണം പൂർണ്ണമായും തള്ളി ഇറാൻ രംഗത്തെത്തി. യുഎഇ ഉയർത്തിയ അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും ഇത്തരം തെറ്റായ പ്രചാരണങ്ങൾ പശ്ചിമേഷ്യയിൽ പരസ്പര വിശ്വാസവും സമാധാനവും വളർത്താനുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. നല്ല അയൽപക്ക ബന്ധത്തിന് വിരുദ്ധമായ ഇത്തരം ആരോപണങ്ങളിൽ നിന്ന് മേഖലയിലെ രാജ്യങ്ങൾ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഎസും ഇസ്രായേലും നടത്തുന്ന അട്ടിമറി നീക്കങ്ങളും തെറ്റായ പ്രചാരണങ്ങളും (False Flag Operations) കാരണം പശ്ചിമേഷ്യയിലെ സാഹചര്യം നിലവിൽ അതീവ സങ്കീർണ്ണമാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടി. എന്നാൽ, യുഎസുമായി സമാധാനക്കരാറിൽ എത്തുന്നതുവരെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്ന നിലപാടിലാണ് ഇറാൻ ഇപ്പോഴും തുടരുന്നത്.
നേരത്തെ, ഇറാന്റെ ഭാഗത്തുനിന്ന് എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം വഴി കണ്ടെത്തിയതായും ഇതിൽ ഒരെണ്ണം രാജ്യത്തിന്റെ സമുദ്രാതിർത്തിക്ക് പുറത്തും രണ്ടാമത്തേത് അതിർത്തിക്കുള്ളിലെ സമുദ്രഭാഗത്തുമാണ് പതിച്ചതെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. സമുദ്ര ഗതാഗതത്തെ തടസ്സപ്പെടുത്താനാണ് മിസൈലുകൾ വിക്ഷേപിച്ചതെന്നും യുഎഇ ആരോപിച്ചു. മിസൈൽ ഭീഷണിയുണ്ടെന്ന സന്ദേശം പൊതുജനങ്ങൾക്ക് നൽകിയതിന് പിന്നാലെ, സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇറാനുമായുള്ള എല്ലാ വ്യാപാര-സാമ്പത്തിക ഇടപാടുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി യുഎഇ പ്രഖ്യാപിക്കുകയും ചെയ്തു.










