മോസ്കോ: റഷ്യയിലെ വിഖ്യാതമായ പ്ലേഗ് റിസെർച്ച് ലാബിൽ നിന്ന് അപകടകാരിയായ വിചിത്ര അണുബാധ ചോർന്നതിനെ തുടർന്ന് 28 കാരിയായ യുവ ഗവേഷക കൊല്ലപ്പെട്ടു. റഷ്യയിലെ സൈബീരിയയിൽ പ്രവർത്തിക്കുന്ന ഷെലെഖോവിലെ ആന്റി-പ്ലേഗ് റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് നാടിനെ നടുക്കിയ ഈ അടിയന്തര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ ലാബ് ഉദ്യോഗസ്ഥരും യുവതിയെ പ്രവേശിപ്പിച്ച ആശുപത്രി ജീവനക്കാരും അടക്കം ഇരുനൂറോളം പേരെ റഷ്യൻ ആരോഗ്യ മന്ത്രാലയം കടുത്ത ക്വാറന്റീനിലേക്ക് മാറ്റി.
തീവ്രമായ ന്യൂമോണിയ ലക്ഷണങ്ങളോടെ സെപ്റ്റംബർ 29-നാണ് യുവതിയെ ഷെലെഖോവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വേഗത്തിൽ വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രണ്ട് ദിവസത്തിനകം ജീവൻ പൊലിയുകയായിരുന്നു. കടുത്ത അജ്ഞാത അണുബാധ മൂലമാണ് മരണമെന്നാണ് റഷ്യൻ മാധ്യമമായ ‘ദി മോസ്കോ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നത്. മുൻകരുതലിന്റെ ഭാഗമായി നഗരത്തിലെ പ്രസവാശുപത്രി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ റഷ്യൻ ഭരണകൂടം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു.
മംഗോളിയൻ അതിർത്തിയായ ബുര്യാത്തിയയിൽ പ്ലേഗ് പരിശോധനയ്ക്ക് പോയപ്പോഴാണ് ഗവേഷകയ്ക്ക് രോഗബാധയുണ്ടായതെന്നും, അതല്ല ലാബിൽ വെച്ച് പരിശോധനയ്ക്കായി സൂക്ഷിച്ചിരുന്ന അപകടകാരിയായ ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ പൊട്ടി വീണതാണ് രോഗബാധയ്ക്ക് കാരണമെന്നും രണ്ട് വ്യത്യസ്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. യുവതി കൊല്ലപ്പെട്ടത് ഒരുപക്ഷേ പ്ലേഗ് ബാധിച്ചാവാമെന്ന് പ്രാദേശിക അധികൃതർ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും റഷ്യൻ കേന്ദ്ര ആരോഗ്യ ഏജൻസി (Rospotrebnadzor) രോഗവ്യാപന ഭീഷണി തള്ളിക്കളയുകയും അടിയന്തര നിയന്ത്രണങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കിയതോടെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ഡെസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ഏജൻസിയും (CDC) സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അറിയിച്ചു. പ്ലേഗ് ബാധയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഒളിച്ചുവെക്കാതെ പുറത്തുവിടാൻ അമേരിക്ക റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയിലെയും മോസ്കോയിലെയും ഉന്നത ഡോക്ടർമാരുടെ സംഘം സ്ഥിതിഗതികൾ വിലയിരുത്താൻ സൈബീരിയയിൽ ക്യാമ്പ് ചെയ്യുകയാണ്.












