കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കീഴുദ്യോഗസ്ഥനെക്കൊണ്ട് അപേക്ഷ നൽകിയ ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേസ് മാറ്റിവെക്കാൻ അപേക്ഷ നൽകാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ഓർമ്മിപ്പിച്ചു. ആഭ്യന്തര സെക്രട്ടറിക്ക് ഇത്തരമൊരു ആവശ്യമുണ്ടെങ്കിൽ അദ്ദേഹം നേരിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്നും, ഇത്തരം കാര്യങ്ങൾ മേലാൽ ആവർത്തിക്കരുതെന്നും കോടതി കർശന താക്കീത് നൽകി.
മുൻ ഡി.ജി.പി. എസ്. ശ്രീജിത്ത് നടത്തിയ വിദേശയാത്രയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. കേസിൽ വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും ആഭ്യന്തര സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരായി സർക്കാരിന്റെ നിലപാട് വ്യക്തമാക്കി. തുടർന്ന് ഈ ഹർജിയിലെ തുടർനടപടികൾ കോടതി അവസാനിപ്പിച്ചു.
എന്നാൽ, മുൻപ് കേസ് മാറ്റിവെക്കാനായി സ്വന്തം നിലയിൽ അപേക്ഷ നൽകാതെ കീഴുദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയ നടപടിയാണ് കോടതിയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയത്. ഇത്തരം കാര്യങ്ങൾ മേലാൽ ആവർത്തിക്കരുതെന്നും, അല്ലാത്തപക്ഷം ഹൈക്കോടതിയിൽ നിരന്തരം നേരിട്ട് ഹാജരാകേണ്ട സാഹചര്യം ഉണ്ടാകുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ആഭ്യന്തര സെക്രട്ടറിക്ക് കർശന മുന്നറിയിപ്പ് നൽകി.









