കോട്ടയം: ഓരോ ഉത്സവകാലത്തും മദ്യവിൽപ്പനയുടെ റിക്കോർഡ് കണക്കുകൾക്കൊപ്പം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറുള്ള ഒന്നാണ് ബവ്റിജസ് കോർപറേഷൻ (ബവ്കോ) ജീവനക്കാരുടെ ഉയർന്ന ബോണസ്. സ്ഥിരം ജീവനക്കാർക്ക് ഒരു ലക്ഷം രൂപയോടടുത്ത് ബോണസ് ലഭിക്കുമ്പോൾ, സാധാരണ സർക്കാർ ജീവനക്കാർക്ക് വെറും അയ്യായിരമോ അതിൽ കുറവോ തുകയാണ് ബോണസായി ലഭിക്കുന്നത്. എന്തുകൊണ്ടാണ് ബവ്കോയിൽ മാത്രം ഈ വ്യത്യാസം എന്ന് മറ്റ് വകുപ്പുകളിലെ ജീവനക്കാർക്ക് സംശയം തോന്നാം. എന്നാൽ ഇതിന് വ്യക്തവും ന്യായവുമായ ചില കാരണങ്ങളുണ്ട്.
സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കി നൽകുന്ന പബ്ലിക് സെക്ടർ സ്ഥാപനങ്ങളിൽ ഒന്നാണ് ബവ്കോ. കമ്പനി നേടുന്ന വലിയ ലാഭവിഹിതത്തിന് (Profit Sharing) അർഹതപ്പെട്ടവരാണ് അതിലെ ജീവനക്കാരും. എന്നാൽ ലാഭവിഹിതം മാത്രമല്ല, ഇവരുടെ കഠിനാധ്വാനം തന്നെയാണ് ഉയർന്ന ബോണസിന് പ്രധാന കാരണം. സാധാരണ സർക്കാർ ഉദ്യോഗസ്ഥർ പ്രതിദിനം എട്ട് മണിക്കൂർ ജോലി ചെയ്യുമ്പോൾ, ബവ്കോ ജീവനക്കാർ ദിവസവും 11 മണിക്കൂറിലധികം വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വരുന്നുണ്ട്.
ഈ അധിക 3 മണിക്കൂർ ജോലിക്കായി 550 രൂപയോളമാണ് ജീവനക്കാർക്ക് അധിക അലവൻസായി ലഭിക്കുന്നത്. ഉത്സവ സീസണുകളിലെ കനത്ത തിരക്കും ശാരീരിക അധ്വാനവും സഹിച്ചാണ് ഓരോ ജീവനക്കാരനും ഔട്ട്‌ലെറ്റുകളിൽ സേവനം അനുഷ്ഠിക്കുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തന രീതിയും ഉയർന്ന പ്രൊഡക്ടിവിറ്റിയും കണക്കിലെടുത്താണ് മാനേജ്‌മെന്റും ട്രേഡ് യൂണിയനുകളും ചർച്ച ചെയ്ത് ഈ ഉയർന്ന ഇൻസെന്റീവ് തുക ബോണസായി നിശ്ചയിക്കുന്നത്.











