തിരുവനന്തപുരം: തൃശൂരിന്റെ സ്വകാര്യ അഹങ്കാരമായ പുലിക്കളിക്കെതിരെ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് കേന്ദ്രസഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. ശ്രീരാമൻ ഇത്തരമൊരു ആക്ഷേപം ഉന്നയിക്കുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അങ്ങനെയുണ്ടെങ്കിൽ അത് ഏറെ സങ്കടകരമാണെന്നും സുരേഷ് ഗോപി പറഞ്ഞു, തൃശൂർ പൂരത്തോളം പോന്ന ജനസഞ്ചയമാണ് പുലിക്കളി കാണാൻ എത്തുന്നത്, അത് വൈകൃതമായതുകൊണ്ടാണെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് പണ്ടേ ഏറെ പ്രിയപ്പെട്ട കലാരൂപമാണ് പുലിക്കളിയെന്ന് അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ട മനുഷ്യരാണ് നാടിനെ ആനന്ദിപ്പിക്കാനായി ഈ വേഷം കെട്ടി തെരുവിലിറങ്ങുന്നത്. ഈ കലയുടെ പ്രസക്തി തിരിച്ചറിഞ്ഞാണ് കേന്ദ്രസർക്കാരും ടൂറിസം മന്ത്രാലയവും ഇവർക്ക് സാമ്പത്തിക സഹായം നൽകുന്നത്. കഴിഞ്ഞ ദിവസവും പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ 24 ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തി.
നേരത്തെ രാജ്യസഭാംഗമായിരുന്നപ്പോഴും സൗത്ത് സോൺ കൾച്ചറൽ സെന്റർ വഴി സംഘങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും, പിന്നീട് വ്യക്തിപരമായി 50,000 രൂപ വീതവും താൻ സഹായം നൽകിയിരുന്നുവെന്ന് സുരേഷ് ഗോപി ഓർമ്മിപ്പിച്ചു. ടൂറിസം സഹമന്ത്രി ആയതിന് ശേഷമാണ് കൂടുതൽ തുക അനുവദിപ്പിക്കാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു പുലിക്കളി കാണാൻ തടിച്ചുകൂടുന്ന ജനങ്ങളെയും കലാകാരന്മാരെയും അവഹേളിക്കുന്ന നിലപാടിനെതിരെ സോഷ്യൽ മീഡിയയിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.











