എൽ.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ-വികസന പ്രചാരണങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) നിന്ന് 240 കോടി രൂപ ചെലവഴിച്ചതായി ധനവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇതിൽ 140 കോടിയോളം രൂപയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാരിന്റെ വികസന നേട്ടങ്ങൾ പരസ്യപ്പെടുത്തുന്നതിനായി നടത്തിയ വൻകിട പ്രചാരണങ്ങൾക്കാണ് വിനിയോഗിച്ചതെന്നാണ് റിപ്പോർട്ട്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായാണ് ഈ തുക ചെലവഴിച്ചതെന്നാണ് വിവരം. എന്നാൽ, കിഫ്ബിയുടെ ചട്ടങ്ങൾ പ്രകാരം ഇത്തരത്തിൽ രാഷ്ട്രീയ-സർക്കാർ പ്രചാരണങ്ങൾക്കായി തുക ചെലവഴിക്കാൻ നിയമപരമായി സാധിക്കുമോയെന്ന കാര്യം സർക്കാർ വൃത്തങ്ങൾ പരിശോധിച്ച് വരികയാണ്.
കിഫ്ബിയിലെ തുക പരസ്യ ആവശ്യങ്ങൾക്കായി മാറ്റിവെച്ചതിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നതിൽ ധനവകുപ്പ് വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്.












