ഇന്ത്യ-പാക് അതിർത്തിയിലെ അനിശ്ചിതത്വങ്ങൾക്കും യാത്രാവിലക്കുകൾക്കും ഒടുവിൽ പ്രണയവും ദാമ്പത്യവും അതിർത്തി കടന്നു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് വാഗാ-അട്ടാരി അതിർത്തി അടച്ചതോടെ വിവാഹം മുടങ്ങുമെന്ന അവസ്ഥയിലായ 150-ലധികം പാകിസ്ഥാനി സിന്ധി യുവതികൾ ഒടുവിൽ ഇന്ത്യയിലെത്തി വിവാഹിതരായി. മാസങ്ങൾ നീണ്ട ആശങ്കകൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക ഇളവോടെ ഇവർ രാജ്യത്തേക്ക് പറന്നെത്തിയത്.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള സിന്ധി ഹിന്ദു കുടുംബങ്ങളും ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ള കുടുംബങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി വിവാഹബന്ധങ്ങൾ നിലനിൽക്കുന്നുണ്ട്. സാധാരണയായി വാഗാ-അട്ടാരി കര അതിർത്തി വഴിയുള്ള സുഗമമായ യാത്രയായിരുന്നു ഇത്തരം വിവാഹങ്ങൾക്ക് ആശ്രയം. എന്നാൽ, ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രഖ്യാപിക്കുകയും കരമാർഗ്ഗമുള്ള അതിർത്തികൾ കർശനമായി അടയ്ക്കുകയും ചെയ്തതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഇതോടെ നാഗ്പൂർ, റായ്പൂർ, ജോധ്പൂർ, പുണെ, അഹമ്മദാബാദ്, ഭോപ്പാൽ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെ യുവാക്കളുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവതികളുടെ യാത്ര പൂർണ്ണമായും പ്രതിസന്ധിയിലായി.
വിവാഹം അനിശ്ചിതത്വത്തിലായതോടെ പാകിസ്ഥാനിലെ ഘോത്കിയിലുള്ള പ്രശസ്ത ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ഷാദാനി ദർബാറിന്റെ ആത്മീയ തലവൻ സന്ത് യുധിഷ്ഠിർലാൽ ഷാദാനിയെ കുടുംബങ്ങൾ സഹായത്തിനായി സമീപിച്ചു. തുടർന്ന് ക്ഷേത്ര ഭരണസമിതി ഇന്ത്യയിലെ വരന്മാരെ വിവാഹം കഴിക്കാനിരിക്കുന്ന പെൺകുട്ടികളുടെ പൂർണ്ണ പട്ടിക തയ്യാറാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കുകയും പ്രത്യേക വീസ ഇളവുകൾ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. മാനുഷിക പരിഗണന മുൻനിർത്തി കേന്ദ്ര സർക്കാർ അനുമതി നൽകിയെങ്കിലും ഒരു കർശന നിബന്ധന വെച്ചു: യാത്ര പൂർണ്ണമായും വിമാനമാർഗ്ഗം മാത്രമായിരിക്കണം.
കരമാർഗ്ഗമുള്ള യാത്ര വിലക്കപ്പെട്ടതിനാൽ വധുക്കൾക്കും ഒപ്പമുള്ള ഏകദേശം 450-ഓളം ബന്ധുക്കൾക്കും മൂന്നാം രാജ്യങ്ങൾ വഴിയുള്ള ദൈർഘ്യമേറിയ കണക്റ്റിംഗ് ഫ്ലൈറ്റുകൾ ആശ്രയിക്കേണ്ടി വന്നു. ദുബായ്, മസ്‌കറ്റ് (ഒമാൻ), ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് ഇവർ ഇന്ത്യയിലെത്തിയത്. ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലായി സംഘങ്ങളായാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയതെന്നും നീണ്ട കാത്തിരിപ്പുകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിവാഹങ്ങൾ മംഗളമായി പൂർത്തിയായതിൽ വലിയ ആശ്വാസമുണ്ടെന്നും സിന്ധി കുടിയേറ്റ പ്രതിനിധി രാജേഷ് ഝാംബിയ വ്യക്തമാക്കി. അതേസമയം, ഇന്ത്യയിലെ യുവാക്കളുമായി വിവാഹം ഉറപ്പിച്ച 300-ഓളം പാകിസ്ഥാനി സിന്ധി യുവതികൾ കൂടി നിലവിൽ വീസയ്ക്കായി കാത്തിരിപ്പ് പട്ടികയിലാണെന്നും ഇവർക്കും യാത്രാനുമതി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.









