ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വലിയ ആകാംഷ ഉയർത്തിക്കൊണ്ട് നിർമ്മാതാവ് ആരെന്നറിയാത്ത പുതിയൊരു എഐ മോഡൽ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. വിവിധ എഐ മോഡലുകൾ ഉപയോഗിക്കാൻ സഹായിക്കുന്ന ഓപ്പൺറൂട്ടർ (OpenRouter) എന്ന പ്ലാറ്റ്‌ഫോമിലാണ് ‘ഓക്സ് ആൽഫ’ (Ox Alpha) എന്ന് പേരിട്ടിട്ടുള്ള ഈ അത്ഭുത മോഡൽ കഴിഞ്ഞയാഴ്ച നിശബ്ദമായി എത്തിയത്. കോഡിംഗ്, ദീർഘനേരം പ്രവർത്തിക്കുന്ന എഐ ഏജന്റ് ടാസ്കുകൾ, പ്രൊഡക്ഷൻ ജോലികൾ എന്നിവയ്ക്കായി വികസിപ്പിച്ച ഒരു റീസണിംഗ് മോഡലാണിത്. ഒറ്റ സെഷനിൽ തന്നെ വലിയ അളവിലുള്ള കോഡുകളും വിവരങ്ങളും അപഗ്രഥിക്കാൻ സാധിക്കുന്ന വൺ മില്യൺ (10 ലക്ഷം) ടോക്കൺ ശേഷിയോടെയാണ് ഈ മോഡൽ എത്തിയിരിക്കുന്നത്.
ഓപ്പൺറൂട്ടർ ഏറ്റെടുക്കാൻ ഒരുങ്ങുന്ന സ്ട്രൈപ്പ് (Stripe) കമ്പനിയുടെ സിഇഒ പാട്രിക് കോളിസൺ ഓക്സ് ആൽഫ വളരെ മികച്ചതാണെന്ന് ഇതിനകം അഭിപ്രായപ്പെട്ടിട്ടുണ്ട്. കോഡിംഗിലും മറ്റ് ടാസ്കുകളിലും മോഡൽ പരീക്ഷിച്ച ഡെവലപ്പർമാരും ഇതിന്റെ അസാധാരണ പ്രകടനത്തെ പുകഴ്ത്തുന്നുണ്ട്. എന്നാൽ ഇതിന്റെ യഥാർത്ഥ ഡെവലപ്പർമാർ തങ്ങളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകാത്തതിനാൽ, ഓപ്പൺറൂട്ടർ ഇവരുടെ വിവരങ്ങൾ ‘സ്റ്റെൽത്ത്’ (Stealth) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങൾ വെറും സേവന ദാതാക്കൾ മാത്രമാണെന്നും ഈ മോഡലിന്റെ വികസനത്തിൽ പങ്കില്ലെന്നും ഓപ്പൺറൂട്ടർ വ്യക്തമാക്കി.
ഓക്സ് ആൽഫയ്ക്ക് പിന്നിൽ ആരാണെന്ന കാര്യത്തിൽ എഐ ലോകത്ത് ഊഹാപോഹങ്ങൾ ശക്തമാണ്. ചൈനീസ് എഐ നിർമ്മാതാക്കളായ സെഡ്.ഐ വികസിപ്പിച്ച ജിഎൽഎം മോഡലുകളുമായി ഇതിന് സാമ്യമുണ്ടെന്നും ചൈനീസ് മോഡലായിരിക്കാം ഇതെന്നും ചിലർ വാദിക്കുന്നുണ്ട്. അതേസമയം, ഇത് മൈക്രോസോഫ്റ്റിന്റെ പുറത്തിറങ്ങാത്ത പുതിയ എംഎഐ മോഡലാകാൻ സാധ്യതയുണ്ടെന്നാണ് മറ്റൊരു നിഗമനം. നിലവിൽ പ്രിവ്യൂ ഘട്ടത്തിൽ ഇൻപുട്ടിനും ഔട്ട്പുട്ടിനും പണം ഈടാക്കാതെ പൂർണ്ണമായും സൗജന്യമായാണ് ഓപ്പൺറൂട്ടറിൽ ഓക്സ് ആൽഫ ലഭ്യമാക്കിയിരിക്കുന്നത്. ആഗോള എഐ രംഗത്തെ വമ്പൻ കമ്പനികളിൽ ഏതാണ് ഈ മോഡലിന് പിന്നിലെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.








