രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികൾ രൂക്ഷമാകുന്നതിനിടയിൽ സ്വന്തം സർക്കാരിനെതിരെയും രാജ്യത്തെ ഭരണസംവിധാനങ്ങൾക്കെതിരെയും തുറന്നടിച്ചുകൊണ്ട് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയും രംഗത്ത്. പാകിസ്താൻ നേരിടുന്ന കടുത്ത സുരക്ഷാ-സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് മന്ത്രിമാരുടെ അസാധാരണമായ പ്രതികരണങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഷെഹബാസ് ഷെരീഫ് സർക്കാർ ഭരണമുന്നണിയിൽ തന്നെ കടുത്ത സമ്മർദ്ദം നേരിടുന്നതിനിടയിലാണ് ഈ തുറന്നുപറച്ചിൽ.
ഇന്ത്യയും പാകിസ്താനും ഒരേസമയത്താണ് സ്വാതന്ത്ര്യം നേടിയതെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോൾ വലിയ വ്യത്യാസമാണുള്ളതെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തുറന്നുസമ്മതിച്ചു. സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക രംഗം, ലോക വേദിയിലെ സ്ഥാനം എന്നിവയിലെല്ലാം ഇന്ത്യ നിരന്തരം മുന്നേറുമ്പോൾ പാകിസ്ഥാൻ കടുത്ത പ്രതിസന്ധിയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഇന്നത്തെ നമ്മുടെ രാജ്യത്തെ സാഹചര്യം നോക്കൂ. നമ്മളും ഇന്ത്യയും ഒരേസമയത്താണ് സ്വാതന്ത്ര്യം നേടിയത്, എന്നാൽ രണ്ട് രാജ്യങ്ങളും എത്രയോകേ ദൂരത്തിലാണ് ഇപ്പോൾ നിൽക്കുന്നത്,” ഖ്വാജ ആസിഫ് ചോദിച്ചു. ബലൂചിസ്ഥാൻ രാജ്യത്തിന്റെ നിയന്ത്രണത്തിൽ നിന്ന് അകന്നുപോകുന്നുവെന്നും, ഖൈബർ പക്തൂൺഖ്വയിലെ ജനങ്ങൾ ബുദ്ധിമുട്ടിലാണെന്നും, പാകിസ്താൻ അധീന കശ്മീരിലെ ജനങ്ങൾ അവകാശങ്ങൾക്കായി തെരുവിൽ ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം സർക്കാരിന്റെ വീഴ്ചകളെക്കുറിച്ച് പരിശോധിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ നിലവിലെ അവസ്ഥ തുടർന്നാൽ ഷെഹബാസ് ഷെരീഫ് സർക്കാർ കാലാവധി തികയ്ക്കില്ലെന്ന് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി മുന്നറിയിപ്പ് നൽകി. എല്ലാ പ്രവിശ്യകളിലും ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും ഭരണകൂടത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ദിനംപ്രതി കുറഞ്ഞുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണോ അതോ സൈന്യമാണോ എന്ന വലിയ ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. സർക്കാരിന് സ്വതന്ത്രമായി തീരുമാനമെടുക്കാൻ സാധിച്ചില്ലെങ്കിൽ എത്രകാലം പിടിച്ചുനിൽക്കാൻ കഴിയുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.









