ഇന്ത്യയും റഷ്യയും തമ്മിലുള്ള ചരിത്രപരമായ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ വെളിപ്പെടുത്തൽ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. ദില്ലിയിൽ നടന്ന ‘ദി ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്സ് ഫോറം’ വേദിയിൽ സംസാരിക്കവെയാണ് അന്തരിച്ച എലിസബത്ത് രാജ്ഞിയുമായുള്ള പഴയൊരു സംഭാഷണം അദ്ദേഹം പങ്കുവെച്ചത്. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ നിലപാടു എടുക്കാൻ ഇന്ത്യ്ക്കുമേൽ സമ്മർദ്ദം ചെലുത്തുമ്പോൾ, ഇന്ത്യയുടെ നയപരമായ നിലപാടുകൾ പതിറ്റാണ്ടുകൾക്ക് മുൻപേ വ്യക്തമാക്കപ്പെട്ടതാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ജോൺസന്റെ വാക്കുകൾ.
ഇന്ത്യൻ സുഹൃത്തുക്കളെ റഷ്യയ്‌ക്കെതിരെ ശക്തമായി നിലയുറപ്പിക്കാൻ പ്രേരിപ്പിക്കുന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് താൻ എലിസബത്ത് രാജ്ഞിയോട് ഒരിക്കൽ പറഞ്ഞിരുന്നുവെന്ന് ബോറിസ് ജോൺസൺ വെളിപ്പെടുത്തി. എന്നാൽ ഇതിന് മറുപടിയായി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവുമായി 1952-ൽ താൻ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചാണ് രാജ്ഞി ഓർത്തെടുത്തത്.രാജ്ഞിയേ, ഇന്ത്യ അടിസ്ഥാനപരമായി എപ്പോഴും റഷ്യയുടെ പക്ഷത്തായിരിക്കും” എന്ന് 1952-ൽ നെഹ്രു തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു രാജ്ഞി തന്നോട് വ്യക്തമാക്കിയതെന്ന് ജോൺസൺ ഓർത്തെടുത്തു.
രാജ്ഞിയുടെ ഈ ചരിത്രപരമായ വിലയിരുത്തൽ തന്നെ വളരെയധികം അത്ഭുതപ്പെടുത്തിയെന്നും, “ചില കാര്യങ്ങൾ ഒരിക്കലും മാറില്ല, അവ അങ്ങനെതന്നെ നിലകൊള്ളുന്നു” എന്നായിരുന്നു രാജ്ഞിയുടെ പക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022-ൽ എലിസബത്ത് രാജ്ഞി അന്തരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് തങ്ങൾ ഈ വിഷയങ്ങൾ സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യ-ഉക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോള രാഷ്ട്രീയ വിഷയങ്ങൾ സജീവമായി ചർച്ച ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യയ്‌ക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ഉക്രെയ്‌ന് സൈനികവും സാമ്പത്തികവുമായ ശക്തമായ പിന്തുണ നൽകുകയും ചെയ്യുന്ന രാജ്യമാണ് ബ്രിട്ടൻ. ഈ സാഹചര്യത്തിൽ ഇന്ത്യ റഷ്യയുമായുള്ള ദീർഘകാല സുഹൃദ്ബന്ധം മാറ്റമില്ലാതെ തുടരുന്നതിന്റെ ചരിത്രപരമായ യാഥാർത്ഥ്യമാണ് ബോറിസ് ജോൺസൺ ചൂണ്ടിക്കാണിക്കുന്നത്. വേദിയിൽ ആഗോള രാഷ്ട്രീയത്തിന് പുറമെ കോവിഡ് കാലത്ത് ഇന്ത്യ നൽകിയ വാക്സിൻ സഹായങ്ങളെയും ബ്രെക്സിറ്റ് വിഷയങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി.












