ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ തന്റെ സ്ഥാനത്തെക്കുറിച്ചും റോളുകളെക്കുറിച്ചും തികഞ്ഞ വ്യക്തതയുണ്ടെന്ന് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക അഭിമുഖ പരിപാടിയിൽ സംസാരിക്കവെയാണ് ടീം സെലക്ഷനെക്കുറിച്ചും മുൻപ് താൻ നടത്തിയ പ്രസ്താവനകളെക്കുറിച്ചും താരം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യൻ ടീമിലായാലും കേരള ടീമിലായാലും ഏത് വേദിയിൽ കളിക്കാൻ അവസരം ലഭിച്ചാലും ടീമിന്റെ വിജയത്തിനായി നൂറ് ശതമാനം ആത്മാർത്ഥതയോടെ പ്രയത്നിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് സഞ്ജു പറഞ്ഞു. ഏത് സാഹചര്യത്തിലും ടീമിനെ മുന്നിൽ നിർത്തി മാനേജ്‌മെന്റ് എടുക്കുന്ന തീരുമാനങ്ങളെ ബഹുമാനിക്കാനാണ് തന്നെ കുടുംബം പഠിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിക്കറ്റ് പോലൊരു ടീം ഗെയിമിൽ ‘ഞാൻ തന്നെ കളിക്കണം’ എന്ന തരത്തിലുള്ള വ്യക്തിപരമായ വാശികൾക്ക് പ്രസക്തിയില്ലെന്ന് സഞ്ജു ഓർമ്മിപ്പിച്ചു. ഒരു ടീം മുന്നോട്ടുപോകുമ്പോൾ അവിടെ നായകനും പരിശീലകരുമടക്കം നിരവധി ലീഡർമാരുണ്ടാകും, അവരുടെ തന്ത്രപരമായ തീരുമാനങ്ങളെ പൂർണ്ണമായും അംഗീകരിക്കേണ്ടതുണ്ട്. ടീമിൽ അവസരം ലഭിച്ചാൽ കളിക്കുക, ലഭിച്ചില്ലെങ്കിൽ ടീമിന് പുറത്തിരുന്ന് പിന്തുണ നൽകുക എന്ന ലളിതമായ ചിന്താഗതിയാണ് തനിക്കുള്ളത്. കളത്തിന് പുറത്തിരിക്കേണ്ടി വന്നാലും ടീമിന്റെ ലക്ഷ്യങ്ങൾക്ക് തന്നെയാണ് എപ്പോഴും മുൻഗണന നൽകുന്നതെന്നും സഞ്ജു വ്യക്തമാക്കി.
തന്റെ മുൻകാല അഭിമുഖങ്ങളിലെ വാക്കുകൾ മാധ്യമങ്ങളും സോഷ്യൽ മീഡിയയും പല രീതിയിൽ വ്യാഖ്യാനിച്ചതിനെക്കുറിച്ചും താരം പ്രതികരിച്ചു. ഒരു കാര്യം തുറന്നുപറയുമ്പോൾ അതിൽ നിന്ന് ഓരോരുത്തരും അവർക്കിഷ്ടമുള്ള രീതിയിൽ അർത്ഥങ്ങൾ കണ്ടെത്തുന്നത് സാധാരണമാണെന്നും, എന്നാൽ താൻ എന്താണ് ഉദ്ദേശിച്ചതെന്ന് അന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം കാര്യങ്ങളിൽ പറയാനുള്ളത് വ്യക്തമായി തുറന്നുപറയാൻ സമയമായെന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോൾ സംസാരിക്കുന്നത്. പൊതുപരിപാടികളിൽ മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അവരെ ബഹുമാനിച്ചുകൊണ്ട് വസ്തുതകൾ വ്യക്തമാക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.












