നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിൽ വീണ്ടും ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കനത്ത പ്രളയ മുന്നറിയിപ്പ് . ടിബറ്റ് അതിർത്തിക്കുള്ളിലെ താൽക്കാലിക ജലസംഭരണി തകർന്നതായി ചൈനീസ് അധികൃതർ നൽകിയ വിവരത്തെ തുടർന്നാണ് നേപ്പാൾ പോലീസ് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകിയത്. വൻതോതിൽ വെള്ളവും ചെളിയും താഴേക്ക് കുത്തിയൊലിച്ചെത്താൻ സാധ്യതയുള്ളതിനാൽ ഭോട്ടെ കോഷി, ത്രിശൂലി, നാരായണി നദീതീരങ്ങളിൽ കഴിയുന്ന ജനങ്ങളോടും രക്ഷാപ്രവർത്തനം നടത്തുന്ന സൈനിക സംഘങ്ങളോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഉടൻ മാറാൻ നേപ്പാൾ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ആവശ്യപ്പെട്ടു.
രണ്ട് ദിവസങ്ങൾക്ക് മുൻപുണ്ടായ പ്രളയത്തിന് പിന്നാലെ നദി തടസ്സപ്പെട്ട് ഭോട്ടെ കോഷിയിൽ ഏകദേശം 25 ലക്ഷം ക്യുബിക് മീറ്റർ വെള്ളം അടങ്ങിയ കൂറ്റൻ തടാകം രൂപപ്പെട്ടിരുന്നു. മഴ തുടരുന്നതിനാൽ ഇതിലേക്ക് കൂടുതൽ വെള്ളമെത്തി തടാകത്തിന്റെ ബണ്ട് തകരാൻ സാധ്യതയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് റസുവ, നുവാകോട്ട്, ധാഡിങ്, ചിറ്റ്വാൻ തുടങ്ങിയ മേഖലകളിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള രക്ഷാദൗത്യം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു.
അതിർത്തി പ്രദേശങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് താഴെയുള്ള ഗ്രാമങ്ങളെ പൂർണ്ണമായി മുക്കുമെന്ന ഭീതി ഉയർത്തുന്നുണ്ട്. നേപ്പാളിൽ ഇതിനകം പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 469 കടന്നു. നദീതീരത്തെ പ്രധാന ഹൈവേകളിലൂടെയുള്ള വാഹനഗതാഗതം പോലീസ് പൂർണ്ണമായി തടഞ്ഞു. ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരും വിദേശ വിനോദസഞ്ചാരികളും അടക്കം ആയിരത്തിലധികം ആളുകളെയാണ് നേപ്പാൾ ദുരന്തത്തിൽ കാണാതായിരിക്കുന്നത്. പുതിയ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് നേപ്പാൾ.









