കൊൽക്കത്തയിലെ പ്രശസ്തമായ ജാദവ്പൂർ സർവകലാശാലയെ മാവോയിസ്റ്റ് അനുഭാവികളുടെയോ പലസ്തീൻ-കശ്മീർ വിഘടനവാദികളുടെയോ കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കി. രക്ഷാബന്ധൻ ദിനത്തിൽ ബിജെപി സംഘടിപ്പിച്ച കൂട്ട വന്ദേമാതര ആലാപന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം വിദ്യാർത്ഥി സംഘടനകൾക്കെതിരെ രൂക്ഷമായ മുന്നറിയിപ്പ് നൽകിയത്. സർവകലാശാലാ കവാടത്തിന് പുറത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവെ, കാമ്പസിൽ നിന്ന് ഉയരുന്ന ‘ആസാദി’ മുദ്രാവാക്യങ്ങൾ ലഹരി ഉപയോഗത്തിനും രാഷ്ട്രവിരുദ്ധ പ്രവർത്തനങ്ങൾക്കുമുള്ള മറയാണെന്നും ഇത്തരക്കാർ ‘തുക്‌ഡെ തുക്‌ഡെ’ സംഘങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു.
സൈനികർ വീരമൃത്യു വരിക്കുമ്പോഴോ തീവ്രവാദി ആക്രമണങ്ങൾ ഉണ്ടാകുമ്പോഴോ പ്രതികരിക്കാത്തവർ സൈനിക നടപടികൾക്കെതിരെ യുദ്ധവിരുദ്ധ റാലികൾ നടത്തുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ആരോപിച്ചു. അടുത്തിടെ സർവകലാശാലയിൽ ഇടത് വിദ്യാർത്ഥി സംഘടനകളും എബിവിപിയും തമ്മിലുണ്ടായ സംഘർഷങ്ങളെയും സർവകലാശാലാ ചിഹ്നം തകർത്തതിനെയും പരാമർശിച്ച അദ്ദേഹം, ഡൽഹിയിലെ ജെഎൻയുവും ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയും ദേശീയതയിലേക്ക് തിരിച്ചുവന്നതുപോലെ ജാദവ്പൂരിലും മാറ്റമുണ്ടാകുമെന്ന് വ്യക്തമാക്കി. കാമ്പസിലെ ലഹരി ഉപയോഗവും മയക്കുമരുന്ന് കടത്തും നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുമെന്നും ഇവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ തനിക്ക് വ്യക്തമായ മാർഗ്ഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസും തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ജാദവ്പൂർ സർവകലാശാലയിലെ മാവോയിസ്റ്റ് ഘടകങ്ങളെ സംരക്ഷിക്കുകയാണെന്ന് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾക്ക് പകരം പാക് അധീന കശ്മീർ തിരിച്ചുപിടിക്കാനുള്ള മുദ്രാവാക്യങ്ങളാണ് ഉയരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









