ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം സമ്മാനിച്ച നായകനായിട്ടും തന്നെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ടീമിൽനിന്നും അപ്രതീക്ഷിതമായി ഒഴിവാക്കിയ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതികരണവുമായി സൂര്യകുമാർ യാദവ് രംഗത്ത്. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് തന്നെ ഞെട്ടിച്ച ഈ തീരുമാനത്തിന് പിന്നിലെ മാനസികാവസ്ഥയെക്കുറിച്ച് സൂര്യകുമാർ ആദ്യമായി മനസ്സ് തുറന്നത്. രണ്ട് വർഷത്തിനിടെ ഒരു ടി20 പരമ്പര പോലും തോൽക്കാതെ ലോകകപ്പും ഏഷ്യാ കപ്പും സ്വന്തമാക്കിയ സാഹചര്യത്തിൽ എന്തിനാണ് ഈ മാറ്റമെന്ന ചോദ്യം തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്നും തുടക്കത്തിൽ തനിക്ക് വലിയ നിരാശ തോന്നിയിരുന്നുവെന്നും താരം തുറന്നുപറഞ്ഞു. എന്നാൽ സെലക്ടർമാരുടെ ഭാഗത്തുനിന്ന് ചിന്തിച്ചപ്പോൾ കാര്യങ്ങൾ മനസ്സിലായെന്നും അവരുടെ തീരുമാനത്തെ പൂർണ്ണമായും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റി സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരെയാണ് പുതിയ ടി20 നായകനായി പ്രഖ്യാപിച്ചത്. ക്യാപ്റ്റൻസി മികച്ചതായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി ബാറ്റിംഗിൽ സൂര്യകുമാറിന് ഫോം കണ്ടെത്താനാകാത്തതാണ് അപ്രതീക്ഷിത പുറത്താകലിന് കാരണമായത്. 2025-ൽ 21 മത്സരങ്ങളിൽ നിന്ന് വെറും 218 റൺസ് മാത്രം നേടിയ സൂര്യകുമാറിന് 2026-ൽ 14 മത്സരങ്ങളിൽ നിന്ന് 484 റൺസ് മാത്രമാണ് നേടാനായത്. കൂടാതെ മുംബൈ ഇന്ത്യൻസിന് വേണ്ടി ഐപിഎല്ലിൽ 13 മത്സരങ്ങളിൽ നിന്ന് 280 റൺസ് മാത്രം നേടിയതും താരത്തിന് തിരിച്ചടിയായി.
2028-ലെ ടി20 ലോകകപ്പും ലോസ് ആഞ്ചലസ് ഒളിമ്പിക്സും വരെ ടീമിനെ മുന്നോട്ട് നയിക്കാൻ കഴിയുമെന്നാണ് കരുതിയതെന്നും ഇത്തരമൊരു സാഹചര്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീം പ്രഖ്യാപിക്കുന്നതിന് രണ്ട്-മൂന്ന് ദിവസം മുൻപാണ് സെലക്ടർമാർ തന്നെ ഈ വിവരം അറിയിച്ചതെന്നും താൻ ഒരു തെറ്റും ചെയ്യാത്തതിനാൽ അതിനോട് പ്രതികരിക്കാൻ നിന്നില്ലെന്നും സൂര്യകുമാർ വെളിപ്പെടുത്തി. രാജ്യത്തിനായി എപ്പോൾ വേണമെങ്കിലും വീണ്ടും കളത്തിലിറങ്ങാൻ താൻ സദാ സന്നദ്ധനാണെന്നും എപ്പോൾ വിളിച്ചാലും കളിക്കാൻ തയ്യാറാണെന്നും സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.












