പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 137-ാമത് എപ്പിസോഡിൽ, ഇന്ത്യയുടെ സമഗ്രമായ ചരിത്ര ഭൂപടം ഡിജിറ്റലായി രൂപകൽപ്പന ചെയ്ത മുംബൈ സ്വദേശി കൃഷ്ണ ശേഷാദ്രിയുടെ നൂതന ഉദ്യമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകമായി അഭിനന്ദിച്ചു. ‘ഭാരത് രാജ്യ’ എന്ന വെബ്സൈറ്റിലൂടെ എഡി 700 മുതൽ ഇന്നുവരെയുള്ള പതിമൂന്ന് നൂറ്റാണ്ടുകളിലെ ഇന്ത്യൻ ചരിത്രവും നാട്ടുരാജ്യങ്ങളുടെ അതിർത്തികളും ആര് ഏത് പ്രദേശം ഭരിച്ചു എന്നതുൾപ്പെടെയുള്ള മൈക്രോ ലെവൽ വിവരങ്ങളും ഉപയോക്താക്കൾക്ക് തീയതി തിരഞ്ഞെടുത്ത് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.
പ്രൊഫഷണൽ കോഡിംഗ് പശ്ചാത്തലമില്ലാതിരുന്നിട്ടും ജനറേറ്റീവ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് കൃഷ്ണ ശേഷാദ്രി ഈ ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്. ആഷാഢ ഏകാദശി ദിനത്തിൽ സോഷ്യൽ മീഡിയ വഴിയാണ് താൻ ഈ സംരംഭത്തെക്കുറിച്ച് അറിഞ്ഞതെന്നും ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലളിതമായി ചരിത്രം പഠിക്കാൻ ഇത് ഏറെ സഹായകരമാണെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, ശേഷാദ്രിയുമായി റേഡിയോയിലൂടെ സൗഹൃദസംഭാഷണം നടത്തുകയും ചെയ്തു.
ഇതോടൊപ്പം രാജ്യത്ത് പുരോഗമിക്കുന്ന ‘നശാ മുക്ത് ഭാരത് അഭിയാൻ’ ക്യാമ്പയിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ലഹരിമുക്തമായ യുവത്വവും രാജ്യവുമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ലഹരിക്കെതിരായ പോരാട്ടത്തിൽ യുവാക്കളും കലാകാരന്മാരും സജീവമായി പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്തു. വിദ്യാർത്ഥികൾ, സംഗീതജ്ഞർ, നാടക പ്രവർത്തകർ, സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാർ എന്നിവർ വ്യത്യസ്ത പ്രാദേശിക ഭാഷകളിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പാട്ടുകളും നാടകങ്ങളും വീഡിയോകളും തയ്യാറാക്കി ജനങ്ങളിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഔദ്യോഗിക പ്രചാരണങ്ങളേക്കാൾ ഇത്തരം ക്രിയാത്മക ഇടപെടലുകൾക്ക് സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താനാകുമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയ പ്രമുഖരും പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി തത്സമയം ശ്രവിച്ചു.










