രാജ്യമെമ്പാടും ആഞ്ഞടിച്ച ദേശഭക്തിയുടെ തരംഗത്തെയും ‘ഹർ ഘർ തിരംഗ’ കാമ്പയിന്റെ വൻ വിജയത്തെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 137-ാമത് എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ കൈത്തറി ദിനം, ക്വിറ്റ് ഇന്ത്യാ വാർഷികം, വിഭജന ഭീകരതയുടെ സ്മരണാദിനം, സ്വാതന്ത്ര്യദിനം, ദേശീയ ബഹിരാകാശ ദിനം എന്നിവയാൽ സമ്പന്നമായ ഈ മാസം ഓരോ പൗരനിലും അഭിമാനം നിറച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികം കൂടിയെത്തുന്ന ഈ വർഷം ‘ഹർ ഘർ തിരംഗ’ കാമ്പയിൻ രാജ്യത്തിന്റെ ഐക്യം കൂടുതൽ ദൃഢമാക്കിയെന്നും, ‘സൂര്യപഥ് തിരംഗ’ സംരംഭത്തിലൂടെ എട്ട് കോടിയിലധികം തിരംഗ സെൽഫികളാണ് പൊതുജനങ്ങൾ അപ്‌ലോഡ് ചെയ്തതെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.
ഹർ ഘർ തിരംഗയുടെ ഭാഗമായി ആഗോളതലത്തിൽ നടന്ന ‘സൂര്യപഥ് തിരംഗ’ റിലേയെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഉദയസൂര്യന്റെ പാത പിന്തുടർന്ന് ഫിജിയിലെ സുവയിൽ ആദ്യ സൂര്യകിരണങ്ങൾക്കൊപ്പം ഉയർന്ന ദേശീയ പതാക, തുടർന്ന് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ഇന്ത്യൻ എംബസികളിലൂടെയും ഒടുവിൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലും ഒന്നിനുപുറകെ ഒന്നായി വാനിലുയർന്നു.
സൂര്യൻ ലോകമെമ്പാടും സഞ്ചരിച്ചപ്പോൾ അതോടൊപ്പം ഇന്ത്യൻ ത്രിവർണ്ണ പതാകയും ലോകമെമ്പാടും പാറിപ്പറന്ന കാഴ്ച അത്ഭുതകരമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. കേവലമായ ഒരു ചടങ്ങിനപ്പുറം ഇത്തരം വലിയ ഉദ്യമങ്ങൾ സമൂഹത്തെ ഒന്നിച്ചുചേർക്കാനും മാതൃരാജ്യവുമായുള്ള ആത്മബന്ധം കൂടുതൽ ആഴത്തിലാക്കാനും സഹായിക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇതിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിച്ചു.










