ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡന് പുറത്ത് ഇന്ത്യൻ ദേശീയ പതാകയെ കാലിൽ കെട്ടി അപമാനിക്കുകയും വലിച്ചുകീറുകയും ചെയ്ത ഖാലിസ്ഥാൻ അനുകൂലികൾക്കും പ്രതിഷേധക്കാർക്കും ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. രാഷ്ട്രീയപരമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ രാജ്യത്തെയും ദേശീയ പതാകയെയും അപമാനിക്കുന്നത് ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്എസിനെയോ ബിജെപിയെയോ സർക്കാരിനെയോ വിമർശിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടെന്ന് ഞങ്ങൾ എപ്പോഴും പറയാറുണ്ടെന്നും എന്നാൽ എന്റെ രാജ്യത്തെയും ദേശീയ പതാകയെയും അവഹേളിക്കാൻ ശ്രമിച്ചാൽ അതിന് വലിയ വില നൽകേണ്ടി വരുമെന്ന് വ്യക്തമായി കേട്ടോളൂ എന്നും അദ്ദേഹം എക്സിൽ കുറിച്ചു. കാൽപാദത്തിൽ ദേശീയ പതാക കെട്ടി വീശുകയും ചിരിച്ചുകൊണ്ട് പതാക കീറിയെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.
ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സർസംഘചാലക് മോഹൻ ഭാഗവത് പ്രസംഗിക്കുന്നതിനിടയിലാണ് വേദിയുടെ പുറത്ത് ഖാലിസ്ഥാൻ അനുകൂലികൾ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധവും അക്രമവും അഴിച്ചുവിട്ടത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ഇതിൽ ഉൾപ്പെട്ട ഇന്ത്യൻ പൗരന്മാർക്കെതിരെ നിയമനടപടികൾ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രവാസി സമൂഹവും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ചടങ്ങിൽ സംസാരിച്ച ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, പ്രവാസികൾ തങ്ങൾ ജീവിക്കുന്ന നാടിനോട് പൂർണ്ണമായും കൂറുപുലർത്തണമെന്ന് ആഹ്വാനം ചെയ്തു.
നാം അമേരിക്കയിലാണ് ജീവിക്കുന്നതും സമ്പാദിക്കുന്നതുമെങ്കിൽ അവിടുത്തെ നിയമങ്ങളോട് പൂർണ്ണമായും വിശ്വസ്തത പുലർത്തണമെന്നും, സ്വന്തം ജന്മഭൂമിയായ ഭാരതത്തെ ഓർക്കുന്നതിനൊപ്പം കർമ്മഭൂമിയോടുള്ള കടമകൾ പൂർണ്ണമായും നിറവേറ്റണമെന്നും അദ്ദേഹം പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.








