ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ (SCO) റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനെ കാണാനും സംസാരിക്കാനുമായി പിന്നാലെ ഓടിയെത്തി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഉച്ചകോടിയിലെ നേതാക്കളുടെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയെടുത്ത ശേഷം പുതിൻ വേദിയിൽ നിന്ന് മടങ്ങാൻ ഒരുങ്ങവേയാണ് ഷെരീഫ് വേഗത്തിൽ അടുത്തേക്ക് ചെന്ന് കൈയിൽ പിടിച്ച് സംസാരിച്ചത്. ‘എനിക്ക് വേണ്ടി ഒന്ന് നിൽക്കൂ’ എന്ന മട്ടിൽ പാക് പ്രധാനമന്ത്രി പുതിനെ കാണാൻ തിടുക്കം കൂട്ടുന്ന ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് തരംഗമായി മാറി.
നേരത്തെ ഔദ്യോഗിക ഫോട്ടോയ്ക്ക് മുൻപായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് പുതിനും തമ്മിൽ പരസ്പരം കെട്ടിപ്പുണർന്ന് ഊഷ്മളമായ സൗഹൃദം പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി മോദി, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, വ്ലാദിമിർ പുതിൻ എന്നിവർ ഒന്നിച്ചുനിന്ന് സംസാരിച്ചതും ശ്രദ്ധേയമായി. റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്നും ഓരോ ദിവസത്തെയും യുദ്ധം മനുഷ്യരാശിയെ പിന്നോട്ടടിക്കുകയാണെന്നും കഴിഞ്ഞ ദിവസം പുതിനനുമായുള്ള ഉഭയകക്ഷി ചർച്ചയിൽ മോദി ആവശ്യപ്പെട്ടിരുന്നു.
ഇതൊക്കെ നടക്കുമ്പോഴാണ് വേദി വിടാൻ തുടങ്ങിയ പുതിനെ പാക് പ്രധാനമന്ത്രി തടഞ്ഞുനിർത്തി സംസാരിച്ചത്. കഴിഞ്ഞ വർഷത്തെ എസ്‌സിഒ ഉച്ചകോടിയിലും സമാനമായ സംഭവം വൈറലായിരുന്നു. അന്ന് നരേന്ദ്ര മോദിയും പുതിനും സംസാരിച്ചു നടന്നുപോകുമ്പോൾ ഒന്നുമറിയാതെ നോക്കിനിൽക്കുന്ന ഷെഹ്ബാസ് ഷെരീഫിന്റെ വിഡിയോയും ട്രോളുകളും വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റഷ്യൻ പ്രസിഡന്റിന് പിന്നാലെ ഓടിയെത്തി സൗഹൃദം പുതുക്കാൻ ശ്രമിക്കുന്ന പുതിയ വിഡിയോയും ഇന്റർനെറ്റിൽ വൻ ഹിറ്റാകുന്നത്.












