മൾട്ടിപ്ലെക്‌സുകളിലും സിനിമാ തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് ഈടാക്കുന്ന അമിതവിലയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. തിയേറ്ററുകളിൽ നിന്ന് ഒരു ചായ വാങ്ങിക്കുടിക്കണമെങ്കിൽ ബാങ്കിൽ നിന്ന് ലോണെടുക്കേണ്ട അവസ്ഥയാണെന്നും ഭക്ഷണസാധനങ്ങളുടെ നിരക്ക് നിശ്ചയിക്കുന്നതിൽ ഉടൻ തന്നെ കൃത്യമായ സർക്കാർ നിയന്ത്രണം കൊണ്ടുവരണമെന്നും മേയർ ആവശ്യപ്പെട്ടു.
പുറത്ത് വെറും 25 മുതൽ 30 രൂപ വരെ മാത്രം വിലയുള്ള പോപ്‌കോണിന് തിയേറ്ററുകളിലെത്തുമ്പോൾ 250 മുതൽ 300 രൂപ വരെയാണ് ഈടാക്കുന്നത്. ടിക്കറ്റ് നിരക്കിനേക്കാൾ വലിയ തുകയാണ് പലപ്പോഴും ലഘുഭക്ഷണങ്ങൾക്കായി സാധാരണക്കാർക്ക് ചെലവഴിക്കേണ്ടി വരുന്നത്. തിയേറ്ററിനുള്ളിലെ കഫറ്റീരിയകളിൽ കയറിയാൽ എന്തോ അത്ഭുത ലോകത്ത് എത്തിയതുപോലെയുള്ള അനുഭവവും വിലനിലവാരവുമാണ് ഉപഭോക്താക്കൾ നേരിടുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
സിനിമ ആസ്വദിക്കാനെത്തുന്ന സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഈ പ്രവണത ഇനി അനുവദിക്കാനാകില്ലെന്നും കോർപ്പറേഷൻ തലത്തിൽ ചെയ്യാനാകുന്ന നടപടികൾ പരിശോധിക്കുമെന്നും മേയർ വ്യക്തമാക്കി. തിയേറ്ററുകളിൽ പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ഉള്ളിൽ ഉയർന്ന തുക ഈടാക്കുകയും ചെയ്യുന്നതിനെതിരെ മുൻപും വ്യാപകമായ ജനരോഷം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാന മേയർ തന്നെ പരസ്യമായി തിയേറ്റർ ഉടമകളുടെ കൊള്ളവിലയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.











