ഗുവാഹത്തി: പ്രണയത്തിന് പിന്നാലെ സ്വയം ഇസ്ലാം മതം ഉപപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ച യുവതിയുടെ ‘ഘർ വാപ്സി’ ചടങ്ങുകൾ നടത്തി തീവ്ര ഹിന്ദുത്വ സംഘടനകൾ. അസമിലെ കാച്ചാർ ജില്ലയിലുള്ള ലാഖിപ്പൂരിലാണ് സംഭവം. പ്രദേശവാസിയായ ഹിന്ദു യുവാവുമായി പ്രണയത്തിലായിരുന്ന യുവതി സ്വന്തം ഇഷ്ടപ്രകാരം മതം മാറുകയും തുടര്‍ന്ന് ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയുമായിരുന്നു.
വിവാഹത്തിന് പിന്നാലെ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌രംഗ് ദൾ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലാഖിപ്പൂരിൽ വച്ച് ‘ഘർ വാപ്സി’ ചടങ് സംഘടിപ്പിച്ചത്. സംഘടനയിലെ നിരവധി പ്രമുഖ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ആരുടെയും നിർബന്ധത്തിനോ പ്രേരണയ്ക്കോ വഴങ്ങിയല്ല യുവതി സനാതന ധർമ്മം സ്വീകരിച്ചതെന്നും, സ്വന്തം സ്വതന്ത്രമായ തീരുമാനപ്രകാരമാണ് മതംമാറ്റവും വിവാഹവും നടന്നതെന്നും സംഘാടകർ അവകാശപ്പെട്ടു.
സംഭവം പ്രദേശത്ത് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ ദമ്പതികളെക്കുറിച്ചോ മതംമാറ്റത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ ചെയ്യുന്നു.












