ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പരിക്കേറ്റ് പിന്മാറിയ പാകിസ്ഥാൻ ഓപ്പണർ ഇമാം ഉൾ ഹഖിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ലോർഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിനം ഫീൽഡിങ്ങിനിടെ ഇടത് കാൽപേശികൾക്ക് പരിക്കേറ്റെന്ന് കാണിച്ച് താരം രണ്ട് ഇന്നിംഗ്സുകളിലും ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. എന്നാൽ താരം പരിക്കിന്റെ പേരിൽ കള്ളം പറയുകയാണെന്ന തരത്തിൽ ശക്തമായ സംശയങ്ങൾ ഉയർന്നതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) തീരുമാനിച്ചു.
അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിക്കാൻ പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ഉത്തരവിട്ടതായും മൂന്നാം ടെസ്റ്റിന് മുൻപായി താരത്തെ നാട്ടിലേക്ക് തിരിച്ചയക്കുമെന്നും ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കി. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം രാവിലെ നെറ്റ്സിൽ ത്രോഡൗണുകൾ പരിശീലിക്കാൻ താരം എത്തിയതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. തനിക്ക് പരിക്കുണ്ടെന്ന് മറ്റുള്ളവരെ കാണിക്കാനുള്ള ഒരു നാടകമായിരുന്നു അതെന്ന് മുൻ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ് അടക്കമുള്ള കമന്റേറ്റർമാർ പരിഹസിച്ചു.
മുൻപും സമാനമായ രീതിയിൽ പരിക്കിന്റെ പേരിൽ ഇമാം വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ന്യൂസിലൻഡ് പര്യടനത്തിനിടെ കാൽവിരലിൽ പൊട്ടലോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്ന് എക്സ്-റേയിൽ വ്യക്തമായിട്ടും പരിക്ക് പെരുപ്പിച്ചു കാട്ടി കളിക്കാതിരുന്ന സംഭവത്തിൽ പിസിബി അന്വേഷണ സമിതി താരത്തിന് വിലക്ക് ഏർപ്പെടുത്താൻ ശുപാർശ ചെയ്തിരുന്നതായും സൂചനകളുണ്ട്. വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ ബാറ്റിംഗ് ഒഴിവാക്കാനാണ് താരം വ്യാജ പരിക്കുകൾ സൃഷ്ടിക്കുന്നതെന്നാണ് പ്രധാന ആരോപണം.












