ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുഎസുമായുള്ള സൈനിക ഏറ്റുമുട്ടലുകൾ കടുക്കുന്നതിനിടെ അമേരിക്കയെ രൂക്ഷമായി പരിഹസിച്ച് ഇറാൻ. ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലെ ഇറാൻ എംബസിയാണ് ‘ഹബീബി (അങ്കിൾ സാം), ഇറാനിലേക്ക് വരൂ!’ എന്ന അടിക്കുറിപ്പോടെ എക്സിൽ (X) പ്രകോപനപരമായ വീഡിയോ പങ്കുവെച്ചത്. അമേരിക്കയുടെ ഔദ്യോഗിക കാർട്ടൂൺ രൂപമായ ‘അങ്കിൾ സാമിനെ’ പരോക്ഷമായി കളിയാക്കുന്നതാണ് ഇറാന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
സ്ട്രെയിറ്റ് ഓഫ് ഹോർമുസിന്റെ (ഹോർമുസ് കടലിടുക്ക്) 3D ഭൂപടത്തിന് മുകളിൽ വിൻഡോസിലെ വിഖ്യാത കമ്പ്യൂട്ടർ ഗെയിമായ ‘മൈൻസ്വീപ്പർ’ കളിക്കുന്ന 35 സെക്കൻഡ് ദൈർഘ്യമുള്ള ആനിമേഷൻ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ ഇറാൻ നിക്ഷേപിച്ച കടൽമൈനുകൾ യുഎസ് നേവി അടുത്തിടെ നീക്കം ചെയ്തതായി അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കടൽമാർഗ്ഗത്തിൽ ഇനിയും മൈനുകൾ ഒളിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന രീതിയിലുള്ള ഇറാന്റെ പരിഹാസം.
ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിലുള്ള ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയതോടെയാണ് സംഘർഷം കൂടുതൽ രൂക്ഷമായത്. അന്താരാഷ്ട്ര കപ്പൽച്ചാലിൽ ഇറാൻ വീണ്ടും മൈനുകൾ വിന്യസിക്കാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചായിരുന്നു അമേരിക്കൻ നീക്കം. ഇതിന് തിരിച്ചടിയായി ജോർദാനിലെ രണ്ട് പ്രമുഖ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. ആക്രമണത്തിൽ യുഎസ് ക്യാമ്പുകൾക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് ഇറാൻ അവകാശപ്പെട്ടെങ്കിലും, എട്ട് മിസൈലുകളെ വിജയകരമായി വെടിവെച്ചിട്ടതായി ജോർദാൻ സൈന്യം അറിയിച്ചു. സൈനിക നീക്കങ്ങൾക്കൊപ്പം ഇത്തരം സോഷ്യൽ മീഡിയ പോരുകൾ കൂടിയായതോടെ മേഖലയിൽ ആശങ്ക വർദ്ധിക്കുകയാണ്.









