ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക് സൈന്യത്തിന് നേരെ കനത്ത ആക്രമണങ്ങൾ അഴിച്ചുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA). രണ്ട് വെവ്വേറെ ആക്രമണങ്ങളിലായി 25 പാകിസ്താൻ സൈനികരെ വധിച്ചതായും മൂന്ന് സൈനിക വാഹനങ്ങൾ തകർത്തതായും ബിഎൽഎ അവകാശപ്പെട്ടു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള വിഡിയോയും ബിഎൽഎയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ഹക്കാൽ (Hakkal) പുറത്തുവിട്ടിട്ടുണ്ട്.
സിയാറത്ത് ക്രോസിൽ (Ziarat Cross) സൈനിക വ്യൂഹത്തിന് നേരെയാണ് ആദ്യ ആക്രമണം നടന്നത്. വൻ ആയുധങ്ങളുമായി എത്തിയ ബിഎൽഎ പോരാളികൾ സൈനിക ട്രക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ ആക്രമിക്കുകയായിരുന്നു. തുടക്കത്തിൽ 18 സൈനികർ കൊല്ലപ്പെട്ടെന്നായിരുന്നു വിവരമെങ്കിലും പിന്നീട് മരണസംഖ്യ 25 ആയി ഉയർന്നതായി ബിഎൽഎ വക്താവ് വ്യക്തമാക്കി. ഇതിന് പിന്നാലെ സുറാബിലെ ഹാജിക മേഖലയിൽ ബിഎൽഎയുടെ സ്പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്‌ക്വാഡ് (STOS) സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം വിദൂരനിയന്ത്രണ സംവിധാനത്തിലൂടെ സ്ഫോടനം നടത്തി ഏഴ് സൈനികരെക്കൂടി വധിച്ചതായും അവകാശപ്പെടുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ കത്തിയമരുന്ന സൈനിക വാഹനങ്ങളും ചിതറിക്കിടക്കുന്ന മൃതദേഹങ്ങളും ആയുധങ്ങൾ കൈക്കലാക്കുന്ന പോരാളികളെയും കാണാം. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ പാകിസ്താൻ സൈനിക വൃത്തങ്ങൾ തയാറായിട്ടില്ല. മേഖലയിൽ തിരച്ചിൽ ശക്തമാക്കിയ പാക് സേന കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ബിഎൽഎയുടെ പ്രത്യേക വിഭാഗമായ ഫത്തേ സ്‌ക്വാഡ് ആക്രമണങ്ങൾ കടുപ്പിച്ചത് പാകിസ്താൻ ഭരണകൂടത്തിനും സുരക്ഷാ സേനയ്ക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ്.












