മുംബൈ: മെയ് ഒന്നിലെ മത്സരം പൂനയില്‍ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ജലദൗര്‍ലഭ്യം രൂക്ഷമായതിനാല്‍ ഐപിഎല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്ന് മാറ്റണമെന്ന ഉത്തരവ് നിലനില്‍ക്കേയാണ് ബിസിസിഐ കോടതിയെ സമീപിച്ചിരിക്കുന്നത്. റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം മുന്‍ നിശ്ചയിച്ച പ്രകാരം നടത്താന്‍ അനുവദിക്കണമെന്നാണ് ബിസിസിഐയുടെ ആവശ്യം.
മത്സരത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതാണെന്നും ഇനി ഇവിടെ നിന്നു മത്സരങ്ങള്‍ മാറ്റുന്നതിനു നിരവധി ബുദ്ധിമുട്ടുകളുണ്ടാകുമെന്നും ബിസിസിഐ വ്യക്തമാക്കി. ഐപിഎല്‍ മത്സരങ്ങള്‍ക്ക് ലക്ഷക്കണക്കിന് ജലം ആവശ്യമാണെന്ന് ബിസിസിഐ നേരത്തേ കോടതിയ അറിയിച്ചിരുന്നു. വരള്‍ച്ച രൂക്ഷമായതിനാല്‍ ഏപ്രില്‍ 30നു ശേഷമുള്ള മത്സരങ്ങള്‍ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പൂനക്ക് ഏപ്രില്‍ 29ന് ഗുജറാത്തുമായും മേയ് ഒന്നിനു മുംബൈ ഇന്ത്യന്‍സുമായും മത്സരമുണ്ട്. ഏപ്രില്‍ 29ലെ മത്സരത്തിനുശേഷം മുംബൈയുമായുള്ള മത്സരം ഇവിടെ നിന്നു മാറ്റുക ബുദ്ധിമുട്ടാണെന്നും, ഒരു ദിവസം കൊണ്ടു വേദി മാറ്റി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുക എന്നുള്ളത് പ്രായോഗികമായി സാധിക്കില്ലെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു.
Discussion about this post