കണ്ണൂർ: തിരഞ്ഞെടുപ്പ് തോൽവിയിൽ അണികളെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ പൂർണ്ണമായി തള്ളി സിപിഐഎം മുതിർന്ന നേതാവ് പി. ജയരാജൻ. പാർട്ടിക്കുള്ളിൽ ശുദ്ധീകരണം ആവശ്യമാണെന്നും ഇടതുപക്ഷത്തിന് രാഷ്ട്രീയ സ്വാധീനത്തിൽ വലിയ രീതിയിൽ പുറകോട്ട് പോക്ക് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പോഡ്കാസ്റ്റ് പരമ്പരയിലാണ് പാർട്ടിയെയും മുഖ്യമന്ത്രിയുടെ പ്രസ്താവനകളെയും തിരുത്തിക്കൊണ്ടുള്ള ജയരാജന്റെ വിസ്ഫോടനാത്മകമായ പ്രതികരണം.
നേതൃത്വം ആവശ്യപ്പെട്ടതുപോലെ സ്വതന്ത്രവും ഉള്ള് തുറന്നതുമായ ചർച്ചകളാണ് പാർട്ടിയിൽ നടന്നതെന്നും അംഗങ്ങളുടെ മനസ്സിൽ അടിഞ്ഞുകൂടിയ സംശയങ്ങളാണ് അവർ തുറന്നടിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കമ്മിറ്റി രേഖയുടെ അടിസ്ഥാനത്തിൽ പാർട്ടിക്കുള്ളിലെ തെറ്റുകളും പോരായ്മകളും തെറ്റായ പ്രവണതകളും ചർച്ച ചെയ്തിട്ടുണ്ടെന്നും ഈ തിരുത്തൽ പ്രക്രിയ പാർട്ടിയിൽ ഇനിയും തുടരുമെന്നും ജയരാജൻ വ്യക്തമാക്കി. തെറ്റായ പ്രവണതകൾക്ക് വിധേയരായ ആളുകൾ പാർട്ടിക്കകത്തുണ്ടെങ്കിൽ അവരെ പരിശോധിച്ച് തിരുത്തുകയാണ് മുന്നോട്ടുള്ള വഴിയെന്നും വിശാല സംസ്ഥാന സമിതി യോഗം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സ്വാധീനത്തിലുണ്ടായ ഇടിവിനെക്കുറിച്ച് സ്വയം പരിശോധന വേണമെന്ന് ആവശ്യപ്പെട്ട ജയരാജൻ, കേവലം വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയതുകൊണ്ട് മാത്രം രാഷ്ട്രീയ മാറ്റമുണ്ടാകില്ലെന്ന് ഓർമ്മിപ്പിച്ചു. കോൺഗ്രസ്, ലീഗ്, ബിജെപി അണികളെ ഒപ്പം നിർത്താനുള്ള സംഘടനാ പ്രവർത്തനത്തിൽ വീഴ്ച വന്നിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ജനങ്ങൾക്കും പാർട്ടി അനുഭാവികൾക്കും തെറ്റിദ്ധാരണ ഉണ്ടായതാണ് തിരിച്ചടിയായതെന്ന പിണറായിയുടെ തളിപ്പറമ്പിലെയും പയ്യന്നൂരിലെയും പ്രസ്താവന പൂർണ്ണമായി തള്ളിക്കൊണ്ടാണ്, തെറ്റ് സംഭവിച്ചത് പാർട്ടിക്ക് തന്നെയാണ് എന്ന സൂചന നൽകി പി. ജയരാജൻ രംഗത്തെത്തിയിരിക്കുന്നത്.











