ചിറയിൻകീഴിൽ എംഎൽഎ രമ്യാ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ തെരുവിൽ കയ്യാങ്കളിയുണ്ടായ സംഭവത്തിൽ രൂക്ഷ പരിഹാസവുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി. ആരുടെയും പേര് നേരിട്ട് പരാമർശിക്കാതെ, ‘നാടൻ പാട്ടു മാത്രമല്ല, നാടൻ തല്ലും കൈവശമുണ്ടത്രേ’ എന്ന് ഫെയ്‌സ്ബുക്കിൽ കുറിച്ചാണ് വി. ശിവൻകുട്ടി കോൺഗ്രസിലെ ആഭ്യന്തര തമ്മിലടിയെ പരിഹസിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് രമ്യാ ഹരിദാസ് പാടിയ നാടൻ പാട്ടുകൾ തരംഗമായതിനെ മുൻനിർത്തിയായിരുന്നു ശിവൻകുട്ടിയുടെ ട്രോൾ.
കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് തലത്തിൽ നടന്ന ഔദ്യോഗിക യോഗത്തിൽ രമ്യാ ഹരിദാസ് എംഎൽഎയുടെ പിഎ ആയി പ്രവർത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. യോഗവുമായി ബന്ധമില്ലാത്ത പ്രദീപ് ചില കരാറുകാർക്ക് നിർദേശങ്ങൾ നൽകിയത് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ എതിർപ്പിന് കാരണമായി. ഇയാൾ യോഗത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ എംഎൽഎ തന്നെ പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതോടെ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് ഇതിനെ ചോദ്യം ചെയ്ത് സന്ദേശമയച്ചു. ഇതിനു പിന്നാലെ രമ്യയും സംഘവും സജാദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം.
തുടർന്നുണ്ടായ വാക്കുതർക്കത്തിലും കൈയാങ്കളിയിലും തനിക്ക് പരിക്കേറ്റതായും പ്രാദേശിക നേതാക്കൾ ആക്രമിച്ചതായും ആരോപിച്ച് രമ്യാ ഹരിദാസ് ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ എംഎൽഎയാണ് തങ്ങളെ ആക്രമിച്ചതെന്നും കൈയിൽ പിടിച്ച് തിരിക്കുകയായിരുന്നുവെന്നും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം ആരോപിച്ചു. “എന്റെ കൈ വിടടാ”, “നീയാരാടാ” എന്ന് എംഎൽഎ രോഷാകുലയായി ചോദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പരാതിയും എതിർപരാതിയും ലഭിച്ചതോടെ ചിറയിൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












